തിരുവനന്തപുരം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ സംസ്ഥാന നിയമസഭയിൽ മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം പാസായി. എൽ.ഡി.എഫ് പിന്തുണച്ചപ്പോൾ പ്രമേയത്തെ ബി.ജെ.പി അംഗങ്ങൾ എതിർത്തു.
വോട്ടർ പട്ടിക തയ്യാറാക്കാനും പരിശോധിക്കാനും ഉപയോഗിക്കുന്ന സോഫ്റ്റ്വെയർ സുതാര്യമായും നിയമപരമായും പ്രവർത്തിപ്പിക്കുന്നതിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പരാജയപ്പെട്ടതായി പ്രമേയത്തിൽ ആരോപിക്കുന്നു.
ഭരണഘടനാ സ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മിഷൻ ഭരണകൂട സ്വാധീനങ്ങൾക്ക് വഴങ്ങാതെ പൂർണ്ണമായും നിഷ്പക്ഷമായി പ്രവർത്തിക്കേണ്ടതുണ്ടെന്നും, നിലവിലെ പ്രവർത്തനങ്ങൾ കമ്മിഷന്റെ സുതാര്യതയും വിശ്വാസ്യതയും ഇല്ലാതാക്കിയെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു.
ഭരണഘടനയുടെ ആർട്ടിക്കിൾ 326 ഉറപ്പുനൽകുന്ന പൗരന്റെ വോട്ടവകാശം കവർന്നെടുക്കുന്നത് ഭരണഘടനാ ലംഘനമാണെന്നും വോട്ടർ പട്ടികയിലെ ക്രമക്കേട് ജനവിധിയെ അട്ടിമറിക്കുന്നതിന് തുല്യമാണെന്നും സഭ വിലയിരുത്തി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെയും അംഗങ്ങളെയും തിരഞ്ഞെടുക്കുന്ന സമിതിയിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഉണ്ടാകണമെന്ന പരമോന്നത കോടതി വിധി നിലനിൽക്കെ, കേന്ദ്രസർക്കാർ കൊണ്ടുവന്ന പുതിയ നിയമം സ്ഥാപനത്തിന്റെ നിഷ്പക്ഷത തകർത്തുവെന്ന് പ്രമേയം വ്യക്തമാക്കുന്നു.
പ്രധാനമന്ത്രി, ലോക്സഭാ പ്രതിപക്ഷ നേതാവ്, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്ന സമിതിക്ക് മാത്രമേ സ്വതന്ത്രരായ കമ്മീഷണർമാരെ കണ്ടെത്താൻ സാധിക്കൂ. അതിനാൽ സെലക്ഷൻ കമ്മിറ്റി ഈ രീതിയിൽ പുനഃസംഘടിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന് പ്രമേയം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.കമ്മീഷന്റെ നിഷ്പക്ഷതയിൽ ഗുരുതരമായ സംശയങ്ങൾ ഉയർന്ന സാഹചര്യത്തിൽ, ആരോപണവിധേയനായ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കം ചെയ്യാൻ നടപടി സ്വീകരിക്കണമെന്നും പ്രമേയത്തിലൂടെ അഭ്യർത്ഥിച്ചു.
അതോടൊപ്പം, തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിലെ അപാകതകൾ പരിഹരിച്ച് ഒഴിവാക്കപ്പെട്ട അർഹരായ മുഴുവൻ ആളുകളുടെയും വോട്ടവകാശം അടിയന്തരമായി പുനഃസ്ഥാപിക്കണമെന്നും നിയമസഭ തെരഞ്ഞെടുപ്പ് കമ്മിഷനോടും കേന്ദ്ര സർക്കാരിനോടും ഔദ്യോഗികമായി ആവശ്യപ്പെട്ടു.
