കൊച്ചി: സിഎംആർഎൽ കേസിൽ വിജിലൻസ് അന്വേഷണം ആരംഭിക്കാനിരിക്കെ, അഴിമതി ആരോപണങ്ങൾ തെളിയിക്കുന്നതും തുടർനടപടികളുമായി മുന്നോട്ടുപോകുന്നതും അന്വേഷണ ഏജൻസികൾക്ക് വലിയ വെല്ലുവിളിയാകുമെന്ന് വിലയിരുത്തൽ.
എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറിയ തെളിവുകളിൽ ഭൂരിഭാഗവും മൊഴികളാണെന്നതാണ് പ്രധാന പ്രതിസന്ധി. അഴിമതിയിലൂടെ ലഭിച്ചുവെന്ന് ആരോപിക്കപ്പെടുന്ന പണം എവിടേക്ക് മാറ്റിയെന്നതും വിദേശനിക്ഷേപം സംബന്ധിച്ച സംശയങ്ങളും അന്വേഷണത്തിന്റെ ഗതി നിർണയിച്ചേക്കും.
ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുമെന്നാണ് വിവരം. പിണറായി വിജയൻ, മകൾ ടി. വീണ, വീണയുടെ ഭർത്താവും മുൻമന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ്, സിഎംആർഎൽ സ്ഥാപക മാനേജിങ് ഡയറക്ടർ എസ്.എൻ. ശശിധരൻ കർത്ത തുടങ്ങിയവരടക്കം പന്ത്രണ്ടോളം പേർ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടേക്കുമെന്നാണ് സൂചന.
*മൊഴികൾ മാത്രം മതിയാകുമോ?
കേസിൽ നിർണായകമാകുന്ന മൊഴികൾ വിജിലൻസ് അന്വേഷണത്തിൽ അതേപടി ആവർത്തിക്കപ്പെടുമോയെന്ന കാര്യത്തിൽ ആശങ്കയുണ്ട്. നേരത്തേ നൽകിയ മൊഴികളിൽനിന്ന് വ്യത്യസ്തമായ നിലപാടുകൾ സാക്ഷികൾ സ്വീകരിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
അഴിമതിയിലൂടെ ലഭിച്ചുവെന്ന് ആരോപിക്കുന്ന പണം എങ്ങനെ വിനിയോഗിച്ചുവെന്നും വിദേശത്ത് നിക്ഷേപിച്ചിട്ടുണ്ടോയെന്നും കണ്ടെത്തേണ്ടതുണ്ട്. എന്നാൽ, വിദേശത്തേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നതിൽ വിജിലൻസിന് നിയമപരവും പ്രായോഗികവുമായ പരിമിതികളുണ്ടാകാം. പിണറായി വിജയനെയും മുഹമ്മദ് റിയാസിനെയും അഴിമതിയുമായി നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവുകൾ പുറത്തുവന്നിട്ടില്ലെന്നാണ് വിലയിരുത്തൽ. ഇരുവർക്കുമെതിരേ ഇഡിക്ക് ലഭിച്ചിട്ടുള്ളത് മൊഴികളാണെന്നാണ് റിപ്പോർട്ടുകൾ.
*ഇഡിക്കും വിജിലൻസിനും വ്യത്യസ്ത നിയമനടപടികൾ
ഇഡിയും വിജിലൻസും പിന്തുടരുന്ന നിയമനടപടികളിലെ വ്യത്യാസവും കേസിൽ നിർണായകമാണ്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ (പിഎംഎൽഎ) സെക്ഷൻ 50 പ്രകാരം ഇഡിക്ക് ലഭിക്കുന്ന മൊഴികൾക്ക് നിയമപരമായ തെളിവുമൂല്യമുണ്ട്. അതേസമയം, വിജിലൻസ് അന്വേഷണത്തിൽ കുറ്റം തെളിയിക്കേണ്ട ബാധ്യത അന്വേഷണ ഏജൻസിക്കാണ്.
അന്വേഷണത്തിൽ കുറ്റം തെളിയിക്കുന്ന തെളിവുകൾ കണ്ടെത്താനായില്ലെങ്കിൽ വിജിലൻസിന് കേസ് അവസാനിപ്പിക്കുന്ന തിനുള്ള റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കേണ്ടിവരും. കോടതി റിപ്പോർട്ട് അംഗീകരിക്കുന്നതും തുടർനടപടികളെ സ്വാധീനിക്കും. വിജിലൻസ് എഫ്ഐആറിന്റെ അടിസ്ഥാനത്തിൽ ഇഡി കേസ് രജിസ്റ്റർ ചെയ്താൽ പോലും അന്വേഷണം എത്രത്തോളം മുന്നോട്ടുപോകുമെന്നത് ലഭിക്കുന്ന തെളിവുകളെ ആശ്രയിച്ചിരിക്കും.
*എഫ്ഐആർ റദ്ദാക്കാൻ കോടതിയെ സമീപിക്കുമോ?
എഫ്ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെ പ്രതികൾ കോടതിയെ സമീപിച്ച് അത് റദ്ദാക്കണമെന്ന് ആവശ്യപ്പെടാനുള്ള സാധ്യതയുമുണ്ട്. കോടതി അനുകൂല ഉത്തരവ് പുറപ്പെടുവിച്ചാൽ കേസിന്റെ തുടർനടപടികൾക്ക് തിരിച്ചടിയാകാം. വിജിലൻസ് അന്വേഷണത്തിന്റെ ഫലവും കോടതിയുടെ നിലപാടും ഇഡിയുടെ തുടർനീക്കങ്ങളിൽ സ്വാധീനം ചെലുത്തും.
അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട കേസുകളിൽ സാധാരണയായി വലിയ തുകയുടെ ഇടപാടുകൾ ഉണ്ടാകുമ്പോഴാണ് ഇഡി കേസ് രജിസ്റ്റർ ചെയ്യുന്നതെന്നാണ് വിലയിരുത്തൽ. പത്ത് കോടിയിലധികം രൂപയുടെ അനധികൃത സ്വത്ത് സമ്പാദനം സംശയിക്കപ്പെടുന്ന സാഹചര്യങ്ങളിൽ ഇഡി നടപടിക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
എന്നാൽ, രാഷ്ട്രീയപ്രാധാന്യം ഏറെയുള്ള സിഎംആർഎൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് (ഇസിഐആർ) രജിസ്റ്റർ ചെയ്യുമോയെന്നത് ഇഡിയുടെ തുടർവിലയിരുത്തലിനെ ആശ്രയിച്ചിരിക്കും.
