ജിബൂട്ടി സിറ്റി: ആഫ്രിക്കൻ രാജ്യമായ ജിബൂട്ടിയുടെ തീരത്ത് അഭയാർഥികളുമായി സഞ്ചരിച്ച ബോട്ട് മുങ്ങി 139 പേർ മരിച്ചു. മരിച്ചവരിൽ 15 കുട്ടികളും ഉൾപ്പെടുന്നു. 86 പേരെ കാണാതായതായും ഐക്യരാഷ്ട്ര സഭയുടെ അന്താരാഷ്ട്ര കുടിയേറ്റ സംഘടനയായ ഐഒഎം അറിയിച്ചു.
ഒക്ടോബർ എട്ട്, ഒമ്പത് തീയതികളിലെ രാത്രിയിലാണ് ദുരന്തമുണ്ടായത്. ജിബൂട്ടിയിൽനിന്ന് യെമനിലേക്ക് 305 പേരുമായി പുറപ്പെട്ട ബോട്ടാണ് ഒബോക്ക് നഗരത്തിന് വടക്കുഭാഗത്ത് അപകടത്തിൽപ്പെട്ടത്. ബോട്ടിൽ കയറിയതിന് പിന്നാലെ അത് പിന്നിലേക്ക് ചരിഞ്ഞ് മുങ്ങാൻ തുടങ്ങിയെന്നാണ് രക്ഷപ്പെട്ടവർ നൽകിയ മൊഴി. ഇവരിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഐഒഎം ദുരന്തത്തിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടത്.
അപകടത്തിൽ മരിച്ചവരുടെ 109 മൃതദേഹങ്ങളാണ് ഇതുവരെ വീണ്ടെടുത്തത്. ഇതിൽ 52 പുരുഷന്മാരും 42 സ്ത്രീകളും 15 കുട്ടികളും ഉൾപ്പെടുന്നു. കുട്ടികളിൽ ഒമ്പത് പേർ പെൺകുട്ടികളും ആറുപേർ ആൺകുട്ടികളുമാണ്. 80ലധികം പേർ അപകടത്തിൽനിന്ന് രക്ഷപ്പെട്ടതായാണ് റിപ്പോർട്ട്. ഇവരെല്ലാം എത്യോപ്യൻ പൗരന്മാരാണെന്നാണ് വിവരം. രക്ഷപ്പെട്ട 64 പേർക്ക് ഒബോക്കിലെ കുടിയേറ്റക്കാർക്കായുള്ള കേന്ദ്രത്തിൽ സഹായം നൽകിവരുന്നതായി ഐഒഎം വ്യക്തമാക്കി.
ജിബൂട്ടി അധികൃതരുമായി ചേർന്ന് ഐഒഎം ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുകയാണ്. കാണാതായവർക്കായി തിരച്ചിലും രക്ഷാപ്രവർത്തനവും പുരോഗമിക്കുന്നു. ദുരന്തത്തിൽപ്പെട്ട വരുടെ കൃത്യമായ വിവരങ്ങൾ ശേഖരിക്കുന്നതിനൊപ്പം രക്ഷപ്പെട്ടവർക്ക് ആവശ്യമായ സഹായങ്ങളും ലഭ്യമാക്കുന്നുണ്ട്.
