ന്യൂദൽഹി : ഡൽഹിയിൽ നിന്ന് ചെന്നൈയിലേക്ക് സർവീസ് നടത്തിയ ഇൻഡിഗോ വിമാനത്തിന്റെ ലഗേജ് കമ്പാർട്ട്മെന്റിൽ പവർ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തമുണ്ടായി.
വൻ സുരക്ഷാ ഭീഷണിയുയർത്തിയ സംഭവത്തെ തുടർന്ന് വിമാനം ഹൈദരാബാദിലേക്ക് തിരിച്ചുവിടുകയും അവിടെ സുരക്ഷിതമായി ഇറക്കുകയും ചെയ്തു. വിമാനത്തിലെ ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ വെച്ചിരുന്ന പവർ ബാങ്കിന്റെ തകരാറിനെ തുടർന്നാണ് തീപിടിത്തമുണ്ടായത്.
വിമാനത്തിലുണ്ടായിരുന്ന ഒരു യാത്രികൻ തന്റെ മൊബൈൽ ഫോണിൽ പകർത്തിയ ഞെട്ടിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. ബാഗുകൾ ഉപയോഗിച്ച് തീകെടുക്കാൻ മറ്റ് യാത്രക്കാർ ശ്രമിക്കുന്ന ദൃശ്യങ്ങൾ ഈ വീഡിയോയിലുണ്ട്. തുടർന്ന് കാബിൻ ക്രൂ അംഗങ്ങൾ തീ അണയ്ക്കുന്ന ഉപകരണങ്ങൾ ഉപയോഗിച്ച് തീ പൂർണ്ണമായും അണയ്ക്കുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.
