തിരുവനന്തപുരം: ഓൺലൈൻ വ്യാപാര ഇടപാടുകളിൽ കേരളത്തിന് അർഹമായ നികുതിവിഹിതം നഷ്ടപ്പെടുന്നത് തടയാൻ പുതിയ നിർദേശവുമായി സംസ്ഥാനം. വിറ്റുവരവ് പരിധിയില്ലാതെ എല്ലാ ഇ-കൊമേഴ്‌സ് ഓപ്പറേറ്റർമാർക്കും ഇ-ഇൻവോയ്സ് നിർബന്ധമാക്കണമെന്നാണ് ജിഎസ്ടി കൗൺസിലിനോട് കേരളം ആവശ്യപ്പെട്ടത്. മുഖ്യമന്ത്രി വി.ഡി. സതീശനാണ് ആവശ്യം ഉന്നയിച്ചത്.
നിലവിൽ വാർഷിക വിറ്റുവരവ് അഞ്ചു കോടി രൂപയ്ക്ക് മുകളിലുള്ളവർക്കാണ് ഇ-ഇൻവോയ്സ് നിർബന്ധം. ഈ വ്യവസ്ഥയിൽ മാറ്റം വരുത്തി ചെറുതും വലുതുമായ എല്ലാ ഇ-കൊമേഴ്‌സ് ഓപ്പറേറ്റർമാരെയും പരിധിയിൽ കൊണ്ടുവരണമെന്നാണ് കേരളത്തിന്റെ ആവശ്യം. ഉപഭോഗം നടക്കുന്ന സംസ്ഥാനത്തിന് കൃത്യമായ നികുതിവിഹിതം ലഭിക്കുന്നുവെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം.
വർഷം 5,000 കോടി രൂപയുടെ നഷ്ടമെന്ന് വിലയിരുത്തൽ
ഇ-കൊമേഴ്‌സ് ഇടപാടുകളിൽ ഉപഭോക്താവിന്റെ സംസ്ഥാനം രേഖപ്പെടുത്തുന്നതിലെ പിഴവുകൾ കേരളത്തിന് തിരിച്ചടിയാകുന്നുവെന്നാണ് സംസ്ഥാനത്തിന്റെ പരാതി. ജിഎസ്ടി റിട്ടേൺ സമർപ്പിക്കുമ്പോൾ പോർട്ടലിലെ ഡ്രോപ്‌ഡൗൺ പട്ടികയിൽനിന്നാണ് ഇ-കൊമേഴ്‌സ് ഓപ്പറേറ്റർമാർ ഉപഭോക്തൃ സംസ്ഥാനം തിരഞ്ഞെടുക്കുന്നത്. തെറ്റായ സംസ്ഥാനം തിരഞ്ഞെടുക്കപ്പെടുന്നതോടെ കേരളത്തിന് ലഭിക്കേണ്ട ഐജിഎസ്ടി വിഹിതം മറ്റിടങ്ങളിലേക്ക് പോകാൻ സാധ്യതയുണ്ട്.
പട്ടികയിൽ കേരളം 32-ാം സ്ഥാനത്താണ്. ആദ്യ സ്ഥാനത്തുള്ളത് ദാദ്ര നഗർ ഹവേലി, ദാമൻ ദിയു കേന്ദ്രഭരണ പ്രദേശമാണ്. ഇത്തരം പിഴവുകൾ തടയാനും നികുതിവിഹിതം കൃത്യമായി അനുവദിക്കാനും നിലവിൽ കാര്യക്ഷമമായ സംവിധാനമില്ലെന്നാണ് കേരളത്തിന്റെ നിലപാട്.
ഐജിഎസ്ടി വിഹിതത്തിലെ വിവിധതരം ചോർച്ചകൾ കാരണം സംസ്ഥാനത്തിന് പ്രതിവർഷം ശരാശരി 5,000 കോടി രൂപയെങ്കിലും നഷ്ടമുണ്ടാകുന്നുവെന്നാണ് ജിഎസ്ടി വകുപ്പിന്റെ കണക്ക്.
