തിരുവനന്തപുരം: നെടുമങ്ങാട് വാളിക്കോട് സംസം ഹോട്ടലിൽ തീപിടിത്തം. അൽഫാം ഗ്രില്ലിങ് അടുപ്പിൽ നിന്ന് ചിമ്മിനിയിലേക്ക് തീ പടർന്നതോടെ പ്രദേശത്ത് പരിഭ്രാന്തി. ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം.
അപകടത്തിൽ ആർക്കും പരിക്കില്ല. ഹോട്ടലിലെ അൽഫാം ഗ്രില്ലിങ് അടുപ്പിൽനിന്ന് ഉയർന്ന തീ ചിമ്മിനിയിലൂടെ മുകളിലേക്ക് പടരുകയായിരുന്നു. അടുക്കളയിലെ ജീവനക്കാർ ബഹളം വെച്ചതോടെ ഹോട്ടലിലുണ്ടായിരുന്നവർ പരിഭ്രാന്തരായി പുറത്തേക്ക് ഓടി. പ്രദേശമാകെ പുക ഉയർന്നതും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി.
വിവരമറിഞ്ഞ് നെടുമങ്ങാട് ഫയർഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തി. ഹോട്ടലിന് മുന്നിൽനിന്ന് വെള്ളം പമ്പ് ചെയ്ത് തീയണച്ചതോടെ തീ കൂടുതൽ ഭാഗങ്ങളിലേക്ക് പടരുന്നത് തടയാനായി. ഫയർഫോഴ്സ് സമയത്തെത്തി തീയണച്ചതിനാൽ വലിയ ദുരന്തം ഒഴിവായെന്ന് പ്രദേശവാസികൾ പറഞ്ഞു. സംഭവത്തിൽ ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
