കോട്ടയം : നവോദയ വിദ്യാലയ സമിതി യുടെ ക്ഷേത്രീയ സാംസ്കാരിക സമന്വയ സംഗമത്തിന് കോട്ടയം കെ സി മാമ്മൻ മാപ്പിള ഓഡിറ്റോറിയത്തിൽ തുടക്കമായി.
ഹൈദരാബാദ് റീജിയൻ ഡെപ്യൂട്ടി കമ്മിഷണർ ബി. ചക്രപാണി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ കളക്ടർ ചേതൻ കുമാർ മീണ രണ്ടു ദിവസത്തെ സംഗമം ഉത്ഘാടനം ചെയ്തു. ലളിതകലാ അക്കാദമി വൈസ് ചെയർമാൻ ടി ആർ ഉദയകുമാറും പ്രശസ്ത കർണാടക സംഗീതജ്ഞ മാതംഗി സത്യമൂർത്തിയും വീശിഷ്ടാഥിതികളായിരുന്നു.
കേരള, കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, പുതുച്ചേരി, അന്തമാൻ, ലക്ഷദ്വീപ് എന്നിവിടങ്ങളിൽനിന്നുള്ള മത്സരാർത്ഥികൾ മാറ്റുരക്കുന്ന മത്സരത്തിൽ സംഗീത, നൃത്ത, നാടക, കലാ ഇനങ്ങളിലായി പതിമൂന്നു വിഭാഗങ്ങളാണ് മത്സരത്തിനുള്ളത്.
ചടങ്ങിൽ സംസാരിച്ച ജില്ലാ കളക്ടർ നവോദയ വിദ്യാലയത്തിന്റെ ഉന്നത മൂല്യങ്ങളെയും അക്കാദമിക നിലവാരത്തെയും കുറിച്ച് മതിപ്പു പ്രകടിപ്പിക്കുകയും മത്സരാർത്ഥികളെ അകമഴിഞ്ഞു പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
ഡെപ്യൂട്ടി കമ്മിഷണർ നവോദയ വിദ്യാലയം വച്ചുനീട്ടുന്ന അവസരങ്ങളെക്കുറിച്ചും നവോദയൻസ് നയിക്കുന്ന നിശ്ശബ്ദ വിപ്ലവത്തെക്കുറിച്ചും പറയുകയുണ്ടായി. ജനങ്ങൾ നവോദയയെക്കുറിച്ചാ അറിയേ ണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ചക്രപാണി വിശദമായി സംസാരിച്ചു.
സ്കൂളിലെ മുഴുവൻ കുട്ടികളെയും മത്സരാർത്ഥികളെയും അധ്യാപകരെയും പരിപാടി നടക്കുന്ന ഓഡിറ്റോറിയത്തി ലേക്കു കൊണ്ടുവന്ന് അവരുടെ ഉച്ചഭക്ഷണവും ലഘുഭക്ഷണവുമടക്കം ഒരുക്കി, കുട്ടികൾതന്നെ സുഗമമായി വിതരണം ചെയ്യുകയും ആസ്വദിച്ചു കഴിക്കുകയും ചെയ്യുന്ന കാഴ്ച ഏറെ ഹൃദ്യമായി. അനാവശ്യമായ ചുറ്റിത്തിരിയലോ ബഹളങ്ങളോ ഇല്ലാത്ത ഏറെ അച്ചടക്കമുള്ള ഒരു വിദ്യാർത്ഥി സമൂഹത്തെയാണ് ഇവിടെ കാണാൻ കഴിഞ്ഞത്.
12നു മുനിസിപ്പൽ ചെയർമാൻ എം പി സന്തോഷ് കുമാർ മുഖ്യാതിഥിയാകുന്ന ചടങ്ങിൽ, ജില്ലാ പ്ലാനിങ് ഓഫീസർ പി എ അമാനത്ത്, തിയേറ്റർ, സിനിമാ താരം ഹരിലാൽ, നവോദയ വിദ്യാലയ സമിതി റിട്ടയേർഡ് അസിസ്റ്റന്റ് കമ്മീഷണർ സി. രാമകൃഷ്ണൻ എന്നിവർ പങ്കെടുക്കുന്ന ചടങ്ങിൽ സമ്മാനദാനവും സമാപനവും നടക്കും.
ഈ സംഗമം കോട്ടയം നവോദയ വിദ്യാലയത്തിന് ഒരു വഴിതിരിവാകുമെന്ന് വൈസ് പ്രിൻസിപ്പൽ ശശി എ ടി പറഞ്ഞു. സ്കൂളിലെ മുഴുവൻ കുട്ടികളും കുട്ടികളുടെ രക്ഷിതാക്കളും പൂർവ്വ വിദ്യാർഥികളും കോട്ടയത്തെ പൊതുജനങ്ങളുമടങ്ങുന്ന സദസ്സിന് ദൃശ്യശ്രവ്യ വിരുന്നൊരുക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമു ണ്ടെന്ന് പ്രിൻസിപ്പൽ ജോളി വിൻസെന്റ് പറഞ്ഞു.
