ചെന്നൈ : വിജയ് സർക്കാരിന്റെ അഭിമാന പദ്ധതികളൊന്നായ വെട്രി പയനം പദ്ധതിക്ക് തുടക്കമായി. ചെന്നൈ കോയമ്പേട് ബസ് ടെർമിനലില്‍ വെച്ച് മുഖ്യമന്ത്രി ജോസഫ് വിജയ് പദ്ധതി ഉദ്ഘാടനം ചെയ്തു.
ദിവസേന ഏകദേശം 84 ലക്ഷത്തോളം സ്ത്രീകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. സ്ത്രീകള്‍ക്കും ഭിന്നലിംഗക്കാർക്കുമുള്ള സൗജന്യ ബസ് യാത്രാപദ്ധതിയുടെ വിപുലീകരിച്ച രൂപമാണ് ‘വെട്രി പയനം’. 2021 മുതല്‍ നിലവിലുണ്ടായിരുന്ന ‘വിടിയല്‍ പയനം പദ്ധതി’യുടെ വ്യാപ്തി കൂട്ടി കൂടുതല്‍ ബസ്സുകളില്‍ പദ്ധതി നടപ്പാക്കുകയാണ് തമിഴ്നാട് സർക്കാർ.
മുൻപ് ഓർഡിനറി ബസുകളില്‍ മാത്രം ലഭ്യമായിരുന്ന സൗജന്യ യാത്ര, എക്സ്പ്രസ്, ലിമിറ്റഡ് സ്റ്റോപ്പ് (LSS), ഡീലക്സ് ബസുകളിലേക്കും, മലയോര മേഖലകളിലെ ബസുകളിലേക്കും വ്യാപിപ്പിക്കുകയാണ് വിജയ് സർക്കാർ ചെയ്തിരിക്കുന്നത്.
ഈ പദ്ധതി പ്രയോജനപ്പെടുത്തുന്നതിന് പ്രത്യേക വരുമാന മാനദണ്ഡങ്ങളില്ല എന്നത് പ്രത്യേകതയാണ്. കൂടാതെ യാത്രകളുടെ എണ്ണത്തില്‍ പരിധിയില്ല. യാത്ര വേളയില്‍ ആവശ്യപ്പെട്ടാല്‍ കാണിക്കുന്നതിനായി ആധാർ കാർഡോ മറ്റ് അംഗീകൃത തിരിച്ചറിയല്‍ രേഖയോ കൈയില്‍ കരുതിയാല്‍ മതിയാകും.
ഏത് സംസ്ഥാനക്കാരായ സ്ത്രീകള്‍ക്കും ഈ ആനുകൂല്യം ലഭിക്കുമെന്നതാണ് പ്രത്യേകത. വെട്രി പയനം പദ്ധതിയില്‍ ഉള്‍പ്പെടുന്ന ബസ്സുകളും ദൂരവും…
എക്സ്പ്രസ് ബസുകള്‍: സാധാരണയായി 30 കി.മീ മുതല്‍ 100 കി.മീ വരെയുള്ള യാത്രകള്‍.
എല്‍എസ്‌എസ് ബസുകള്‍ (ലിമിറ്റഡ് സ്റ്റോപ്പ്): 30 കി.മീ മുതല്‍ 40 കി.മീ വരെ.
ഡീലക്സ് ബസുകള്‍: 30 കി.മീ മുതല്‍ 50 കി.മീ വരെ ബസുകള്‍ മാറി കയറി എത്ര ദൂരത്തേക്ക് വേണമെങ്കിലും തുടർച്ചയായി സൗജന്യ യാത്ര നടത്താൻ സാധിക്കും എന്നതാണ് പുതിയ പദ്ധതിയുടെ നേട്ടം.
ഉദാഹരണത്തിന് ചെന്നൈയില്‍ നിന്ന് നാഗർകോവില്‍ വരെ പോകാൻ ചെങ്കല്‍പേട്ട്, തിണ്ടിവനം, വിഴുപ്പുറം, വിരുദാചലം, തിരുച്ചിറപ്പള്ളി, ദിണ്ടിഗല്‍, മധുര, വിരുതുനഗർ, കോവില്‍പട്ടി, തിരുനെല്‍വേലി വഴി തുടർച്ചയായി സർവീസുകള്‍ മാറി യാത്ര ചെയ്യാം. കന്യാകുമാരി വരെയും ഇങ്ങനെ പോകാം.
വ്യത്യസ്ത ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന റൂട്ടുകളില്‍ ഈ ആനുകൂല്യം ലഭ്യമാണ്.
12,692 സർക്കാർ ബസുകളില്‍ വെട്രി പയനം പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. 16 ലക്ഷത്തിലധികം സൗജന്യ യാത്രകള്‍ ഒരു ദിവസം ഈ പദ്ധതിയിലൂടെ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
