കേരള ബ്ലാസ്റ്റേഴ്സിന് വിദേശ ഉടമകൾ: 100 കോടി രൂപയുടെ ഇടപാടുമായി ഷാർജ രാജകുടുംബാംഗം

കോഴിക്കോട് : കേരള ബ്ലാസ്റ്റേഴ്സിന്റെ ഉടമസ്ഥാവകാശം ഷാർജ രാജകുടുംബാംഗവും വ്യവസായിയുമായ ഷെയ്ഖ് അഹമ്മദ് ബിൻ ഫൈസൽ അൽ ഖാസിമിയുടെ നേതൃത്വത്തിലുള്ള കൺസോർഷ്യം ഏറ്റെടുക്കുമെന്ന് സൂചന.

അൽ ഖാസിമി ഗ്രൂപ്പ് ഓഫ് കമ്പനിക്ക് ആഗോളതലത്തിൽ റിയൽ എസ്റ്റേറ്റ് ഉൾപ്പെടെയുള്ള വിവിധ മേഖലകളിൽ വൻ നിക്ഷേപമുണ്ട്. ബംഗളൂരുവിലുള്ള ഗൾഫ് മലയാളി സംരംഭകനും കൂടി ഉൾപ്പെട്ട കൺസോർഷ്യമാണ് ബ്ലാസ്റ്റേഴ്സിനെ വാങ്ങുന്നതെന്നാണ് വിവരം, ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാകും.

ഷെഫീൽഡ് യുണൈറ്റഡ്, ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ഫ്രഞ്ച് ക്ലബ് പിഎസ്‌ജി തുടങ്ങിയ ആഗോള പ്രശസ്ത ക്ലബുകളുടെ ഉടമകളും ഐ.എസ്.എൽ ടീമായ മുംബൈ സിറ്റിയുടെ ഉടമകളായ സിറ്റി ഗ്രൂപ്പും മികച്ച താരങ്ങളെയും പരിശീലകരെയും ടീമിലെത്തിക്കാൻ വൻ തുക ചെലവഴിക്കുന്നതുപോലെ, പുതിയ ഉടമകളുടെ വരവ് കേരള ബ്ലാസ്റ്റേഴ്സിന്റെ നിലവാരവും വിലയും ഉയർത്തുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

പുതിയ ഉടമകൾ കേരള ബ്ലാസ്റ്റേഴ്സിനായി 100 കോടി രൂപയാണ് കളത്തിലിറക്കുന്നത്. ആദ്യ ഗഡു തുക നിലവിലെ ഉടമകളായ മാഗ് സ്പോർട്സിന് കൈമാറിയെന്നാണ് വിവരം. ഐ.എസ്.എൽ 13-ാം സീസൺ ആരംഭിക്കാൻ ഇരിക്കുമ്പോഴും ടീം ഒരുക്കം തുടങ്ങിയിട്ടില്ലെങ്കിലും, പുതിയ കളിക്കാർ വന്നാലും പരിശീലക സ്ഥാനത്ത് ആഷ്‌ലി വെസ്റ്റ്വുഡ് തുടരുമെന്നാണ് സൂചന.

ഗൾഫിൽ നിന്നുള്ള സമ്പന്നരായ നിക്ഷേപകർ ഫുട്ബോൾ ക്ലബുകൾ ഏറ്റെടുത്താൽ അവയുടെ തലവര മാറുമെന്നാണ് ചരിത്രം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!