തിരുവല്ല: കയ്യിലെ കൊഴുപ്പ് നീക്കുന്നതിനായി നടത്തിയ ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഗുരുതരാവസ്ഥയിലായ 45കാരി മരിച്ചു. വെങ്കോട്ട മുണ്ടുകുഴി പുതുപ്പറമ്പിൽ വി.ജി. വിദ്യയാണ് ചികിത്സയിലിരിക്കെ മരിച്ചത്.
തിരുവല്ലയിലെ സ്വകാര്യ ക്ലിനിക്കിൽ നടത്തിയ ശസ്ത്രക്രിയയിലെ പിഴവാണ് മരണത്തിന് കാരണമായതെന്ന് ആരോപിച്ച് ബന്ധുക്കൾ തിരുവല്ല പൊലീസിൽ പരാതി നൽകി.
ഈ മാസം 16നാണ് കയ്യിലെ കൊഴുപ്പ് നീക്കം ചെയ്യുന്നതിനായി വിദ്യ സ്വകാര്യ ക്ലിനിക്കിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായത്. ശസ്ത്രക്രിയയ്ക്ക് പിന്നാലെ ആരോഗ്യനില ഗുരുതരമായതോടെ വിദ്യയെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സ തുടരുന്നതിനിടെ ഇന്നലെ രാത്രി മരണം സംഭവിക്കുകയായിരുന്നു.
അതേസമയം, ചികിത്സയിൽ പിഴവുണ്ടായെന്ന ആരോപണം സ്വകാര്യ ക്ലിനിക് അധികൃതർ നിഷേധിച്ചു. ശസ്ത്രക്രിയയ്ക്കിടെ വിദ്യയ്ക്ക് ഹൃദയാഘാതം സംഭവിച്ചതാണ് ആരോഗ്യനില ഗുരുതരമാകാൻ കാരണമെന്നാണ് ക്ലിനിക് അധികൃതരുടെ വിശദീകരണം.
സംഭവത്തിൽ പൊലീസിന് പരാതി ലഭിച്ചതോടെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണത്തിന്റെ യഥാർഥ കാരണം ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷണത്തിലൂടെ വ്യക്തമാകുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
വിദ്യയുടെ ഭർത്താവ് എസ്. സന്തോഷ്. മക്കൾ: സിദ്ധാർഥ്, സംഗീത്.
