തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജായ സിഎംഒ കേരളയിൽനിന്ന് രണ്ട് പോസ്റ്റുകൾ നീക്കം ചെയ്ത് മെറ്റ. ആശാ പ്രവർത്തകർക്ക് ഉത്സവബത്ത അനുവദിച്ചതുമായി ബന്ധപ്പെട്ട പോസ്റ്റും നബിദിനാശംസ നേർന്നുള്ള പോസ്റ്റുമാണ് നീക്കം ചെയ്തതെന്നാണ് വിവരം.
ഓഗസ്റ്റ് 19ന് ആശാ പ്രവർത്തകർക്ക് 1,450 രൂപ വീതം ഉത്സവബത്ത അനുവദിച്ചതായി അറിയിച്ചുകൊണ്ട് സിഎംഒ കേരള പങ്കുവച്ച പോസ്റ്റാണ് നീക്കം ചെയ്തവയിൽ ഒന്ന്. നബിദിനത്തോടനുബന്ധിച്ച് ആശംസകൾ നേർന്നുകൊണ്ടുള്ള പോസ്റ്റാണ് മറ്റൊന്ന്.
അതേസമയം, മുഖ്യമന്ത്രിക്കെതിരായ വിമർശനാത്മക പോസ്റ്റുകൾ പൊലീസ് ഇടപെട്ട് ഫെയ്‌സ്ബുക്കിൽനിന്ന് നീക്കം ചെയ്യുന്നതായി നേരത്തെ ആരോപണം ഉയർന്നിരുന്നു. സംഭവം വലിയ രാഷ്ട്രീയ വിവാദമായതോടെ മുഖ്യമന്ത്രി തന്നെ ആരോപണം നിഷേധിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക പേജിൽനിന്നുള്ള രണ്ട് പോസ്റ്റുകൾ മെറ്റ നീക്കം ചെയ്തിരിക്കുന്നത്.
