ഹോർമുസിലെ യു.എസ് ആക്രമണത്തിന് ഇറാന്റെ തിരിച്ചടി; ജോർദാനിലെ അമേരിക്കൻ താവളങ്ങളിൽ മിസൈൽ ആക്രമണം

ടെഹ്‌റാൻ/വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിലെ തന്ത്രപ്രധാനമായ ലാർക് ദ്വീപിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ ശക്തമായ തിരിച്ചടിയുമായി ഇറാൻ. ജോർദാനിലെ അമേരിക്കൻ സൈനിക താവളങ്ങളെ ലക്ഷ്യമിട്ട് ഇറാൻ റവല്യൂഷനറി ഗാർഡ്‌സ് ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയതായി ഇറാനിയൻ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജോർദാനിലെ കിംഗ് ഹുസൈൻ, അൽ അസ്‌റഖ് എന്നീ യു.എസ് സൈനിക താവളങ്ങളാണ് ലക്ഷ്യമിട്ടതെന്ന് ഇറാൻ റവല്യൂഷനറി ഗാർഡ്‌സ് സ്ഥിരീകരിച്ചു. ലാർക് ദ്വീപിലെ അമേരിക്കൻ ആക്രമണത്തിന് കനത്ത പ്രത്യാഘാതമുണ്ടാകുമെന്ന് ഇറാൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

ലാർക് ദ്വീപിൽ നടത്തിയ യു.എസ് ആക്രമണത്തിൽ ഇറാനിയൻ സൈനികർക്കും സാധാരണക്കാർക്കും പരിക്കേൽക്കുകയോ ജീവൻ നഷ്ടപ്പെടുകയോ ചെയ്തതായി ഇറാന്റെ ഔദ്യോഗിക മാധ്യമമായ ഐ.ആർ.ഐ.ബി റിപ്പോർട്ട് ചെയ്തു. ഹോർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതം തടസ്സപ്പെടുത്തുന്നതിനായി ഇറാൻ കടൽ മൈനുകൾ സ്ഥാപിക്കാൻ നീക്കം നടത്തുന്നതായി അമേരിക്കൻ സൈന്യം കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ലാർക് ദ്വീപിലെ രണ്ട് ഇറാനിയൻ റോക്കറ്റ് ലോഞ്ചറുകൾക്ക് നേരെ യു.എസ് വ്യോമാക്രമണം നടത്തിയത്. ജൂലൈയ്ക്കു ശേഷം ഇറാൻ മണ്ണിൽ അമേരിക്ക നടത്തുന്ന ആദ്യ സൈനിക നടപടിയാണിത്.

കടൽ മൈനുകൾ സ്ഥാപിക്കാൻ ശ്രമിക്കുന്ന ഏത് കപ്പലിനെയും ബോട്ടിനെയും ഉടൻ നശിപ്പിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഹോർമുസ് കടലിടുക്കിൽ മൈൻ സ്ഥാപിക്കുന്നതിനെതിരെ അമേരിക്കയ്ക്ക് ‘സീറോ ടോളറൻസ്’ നയമാണെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.

അമേരിക്ക-ഇറാൻ സംഘർഷം ഏഴാം മാസത്തിലേക്ക് കടന്നിരിക്കെ പുതിയ ആക്രമണങ്ങൾ മേഖലയിൽ വീണ്ടും യുദ്ധഭീതി ശക്തമാക്കിയിരിക്കുകയാണ്. ലോകത്തിലെ സമുദ്രത്തിലൂടെയുള്ള എണ്ണ, എൽ.എൻ.ജി വിതരണത്തിന്റെ ഏകദേശം അഞ്ചിലൊന്ന് കടന്നുപോകുന്ന പ്രധാന പാതയാണ് ഹോർമുസ് കടലിടുക്ക്.

ഇവിടുത്തെ കപ്പൽ ഗതാഗതം തടസ്സപ്പെടുകയോ സംഘർഷം രൂക്ഷമാകുകയോ ചെയ്താൽ എണ്ണവില ഉയരുന്നതിനൊപ്പം ആഗോള വിതരണ ശൃംഖലയെയും സമ്പദ്‌വ്യവസ്ഥയെയും ഗുരുതരമായി ബാധിക്കാനുള്ള സാധ്യതയുണ്ട്. ഇറാന്റെ തിരിച്ചടിക്ക് അമേരിക്ക എങ്ങനെ പ്രതികരിക്കുമെന്നതിലാണ് ഇനി ലോകത്തിന്റെ ശ്രദ്ധ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!