പൊലീസ് സ്റ്റേഷനിൽനിന്ന് 500 മീറ്റർ മാത്രം അകലെയുള്ള ക്ഷേത്രം; 15 ദിവസത്തിനിടെ അഞ്ചാം മോഷണം…

ഏലൂർ: പൊലീസ് സ്റ്റേഷനിൽനിന്ന് വെറും 500 മീറ്റർ അകലെയുള്ള ഇലഞ്ഞിക്കൽ മഹാദേവ ക്ഷേത്രത്തിൽ തുടർച്ചയായി മോഷണം. 15 ദിവസത്തിനിടെ അഞ്ചാം തവണയാണ് ക്ഷേത്രത്തിൽ മോഷണം നടന്നത്. വെള്ളിയാഴ്ച ശിവക്ഷേത്രത്തിലെ അനന്തന്റെ പ്രതിഷ്ഠയ്ക്ക് മുന്നിൽ സ്ഥാപിച്ചിരുന്ന വിളക്കാണ് മോഷണം പോയത്.

ആദ്യ രണ്ട് മോഷണങ്ങളിലായി 15 വിളക്കുകളാണ് കള്ളൻ കവർന്നത്. മൂന്നാമത്തെ മോഷണത്തിൽ നാല് ചെമ്പുകുടങ്ങളും പോണിയും നഷ്ടപ്പെട്ടു. നാലാം തവണ ശ്രീകോവിലിന് മുന്നിൽ സ്ഥാപിച്ചിരുന്ന 10 കിലോഗ്രാം ഭാരമുള്ള ഓട്ടുമണിയും മോഷ്ടിച്ചു.

ഫാക്ട് ടൗൺഷിപ്പിനുള്ളിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിൽ നടന്ന അഞ്ചു മോഷണങ്ങൾക്കും പിന്നിൽ ഒരാൾ തന്നെയാണെന്നാണ് സിസിടിവി ദൃശ്യങ്ങളിൽനിന്നുള്ള സൂചന. ക്ഷേത്രത്തിന്റെ മതിൽ ചാടിക്കടന്നാണ് മോഷ്ടാവ് അകത്തേക്ക് പ്രവേശിക്കുന്നത്. മോഷണത്തിനു ശേഷം ക്ഷേത്രത്തിന്റെ പിൻവശത്തെ പാടശേഖരം വഴിയാണ് ഇയാൾ രക്ഷപ്പെടുന്നതെന്നും ദൃശ്യങ്ങളിൽ വ്യക്തമാണ്.

മോഷ്ടാവിന്റെ മുഖം ഉൾപ്പെടെയുള്ള ദൃശ്യങ്ങൾ സിസിടിവിയിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ടെന്നാണ് ക്ഷേത്ര ഭാരവാഹികൾ പറയുന്നത്. ഓരോ മോഷണത്തിനുശേഷവും ട്രസ്റ്റ് ഭാരവാഹികൾ പൊലീസിൽ പരാതി നൽകിയിരുന്നു.

എന്നാൽ തുടർച്ചയായി പരാതികൾ നൽകിയിട്ടും അന്വേഷണത്തിൽ പൊലീസ് വേണ്ടത്ര ആത്മാർഥത കാണിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. അതേസമയം, ഒന്നിനു പിന്നാലെ ഒന്നായി മോഷണം നടന്നിട്ടും ക്ഷേത്രത്തിൽ മതിയായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നതിൽ ക്ഷേത്ര ഭാരവാഹികളും വീഴ്ച വരുത്തിയതായി വിമർശനമുണ്ട്.

ഫാക്ട് പരിസരത്ത് സിഐഎസ്എഫിന്റെയും പൊലീസിന്റെയും സംവിധാനങ്ങൾ ഉണ്ടായിട്ടും ക്ഷേത്രത്തിലെ തുടർച്ചയായ മോഷണങ്ങൾ തടയാനോ പ്രതിയെ കണ്ടെത്താനോ കഴിയാത്തതിൽ പ്രദേശവാസികൾക്കിടയിൽ പ്രതിഷേധവും ശക്തമാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!