കുറുപ്പ് എവിടെ?… ഫോട്ടോ വിവാദത്തിൽ മുൻ ഉദ്യോഗസ്ഥന്റെ മലക്കംമറിച്ചിൽ

ആലപ്പുഴ: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ കണ്ടെത്തിയെന്ന വ്യാജ ചാനൽ പ്രചാരണത്തിൽ മലക്കം മറിഞ്ഞ് റിട്ടയേർഡ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ അലി അക്ബർ. ചാനലുകളിൽ പ്രചരിച്ച ഫോട്ടോ താൻ നൽകിയതല്ലെന്നും ചില ചാനലുകളാണ് തനിക്ക് ഫോട്ടോ അയച്ചുതന്നതെന്നും അലി അക്ബർ വ്യക്തമാക്കി.

ഫോട്ടോയുടെ ആധികാരികത താൻ ഒരിക്കലും ഉറപ്പിച്ച് പറഞ്ഞിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെങ്കിൽ അന്വേഷണം നടത്തുന്നതിനെ സ്വാഗതം ചെയ്യുമെന്നും അലി അക്ബർ വ്യക്തമാക്കി.

അതേസമയം, സുകുമാരക്കുറുപ്പിനെ കണ്ടെത്തിയെന്ന തരത്തിലുള്ള വ്യാജപ്രചാരണത്തിൽ ഇൻ്റർപോളിന്റെ സഹായം തേടേണ്ടതില്ലെന്നാണ് ക്രൈംബ്രാഞ്ച് ഉന്നതവൃത്തങ്ങളുടെ നിലപാട്. അഭ്യൂഹം നീങ്ങിയ സാഹചര്യത്തിൽ അന്തർദേശീയ ഏജൻസിയുടെ സഹായം തേടേണ്ടതില്ലെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.

സൈബർ ഹാക്കറുടെ സഹായത്തോടെ വ്യാജപ്രചാരണം നടക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് സ്പെഷ്യൽ ബ്രാഞ്ച് നേരത്തെ നൽകിയിരുന്നതായും പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഇതിന്റെ പശ്ചാത്തലത്തിലാണ് തുടക്കം മുതൽ പൊലീസ് അമിതാവേശം കാണിക്കാതിരുന്നതെന്നും സൂചന.

അതേസമയം, തെറ്റായ പ്രചാരണത്തിന് പിന്നിൽ ദുരൂഹതയുണ്ടെന്നാണ് പൊലീസിന്റെ സംശയം. സംഭവത്തിൽ കൂടുതൽ അന്വേഷണം ആവശ്യമാണോ യെന്നതും പൊലീസ് പരിശോധിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!