ചെന്നൈ : 2029ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ദേശീയ രാഷ്ട്രീയത്തിൽ പുതിയ സഖ്യസാധ്യതകൾക്ക് ചർച്ച. നീറ്റ് സമരത്തിലൂടെ ശ്രദ്ധ നേടിയ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.), ഇന്ത്യസഖ്യത്തിൽനിന്ന് അകന്ന ഡി.എം.കെ., ആം ആദ്മി പാർട്ടി (എ.എ.പി.) എന്നിവർ ചേർന്ന് ദേശീയതലത്തിൽ മൂന്നാം മുന്നണി രൂപീകരിക്കാൻ നീക്കം നടത്തുന്നതായാണ് സൂചന.
നീറ്റ് ക്രമക്കേടിനെതിരെ ഡൽഹിയിൽ നടത്തിയ സമരത്തിന് പിന്നാലെയാണ് സി.ജെ.പി. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് സജീവമായി കടക്കാനുള്ള നീക്കം ശക്തമാക്കിയത്. 2029ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പായി പുതിയ രാഷ്ട്രീയ കൂട്ടുകെട്ടിന് രൂപം നൽകാനാണ് ശ്രമമെന്നാണ് വിവരം.
അതിനിടെ, സി.ജെ.പി. സ്ഥാപകൻ അഭിജീത് ദീപ്കെയുടെ പരാമർശവും രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. ഒരു വാർത്താ ചാനൽ ചർച്ചയിൽ രാജ്യത്തെ മികച്ച മുഖ്യമന്ത്രിമാരുടെ പട്ടികയിൽ എം.കെ. സ്റ്റാലിൻ, പിണറായി വിജയൻ, അരവിന്ദ് കെജ്‌രിവാൾ എന്നിവരെ അദ്ദേഹം ഉൾപ്പെടുത്തിയിരുന്നു. ഇതോടെയാണ് സി.ജെ.പി.-ഡി.എം.കെ.-എ.എ.പി. സഖ്യസാധ്യത സംബന്ധിച്ച അഭ്യൂഹങ്ങൾ ശക്തമായത്.
എ.എ.പിയുമായി അഭിജീത് ദീപ്കെയ്ക്ക് നേരത്തെ തന്നെ ബന്ധമുണ്ട്. 2020 മുതൽ 2023 വരെ ആം ആദ്‌മി പാർട്ടിയുടെ സാമൂഹികമാധ്യമ വിഭാഗത്തിൽ പ്രവർത്തിച്ച അദ്ദേഹം കെജ്‌രിവാൾ സർക്കാരിന്റെ വിദ്യാഭ്യാസ വകുപ്പിൽ കമ്യൂണിക്കേഷൻ വിഭാഗം ഉപദേഷ്ടാവായും പ്രവർത്തിച്ചിട്ടുണ്ട്.
തമിഴ്നാട്ടിലെ രാഷ്ട്രീയ സമവാക്യങ്ങളിലെ മാറ്റവും പുതിയ നീക്കത്തിന് പിന്നിലെ പ്രധാന ഘടകമായാണ് വിലയിരുത്തപ്പെ ടുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ഡി.എം.കെ.യ്ക്ക് പിന്തുണ നൽകിയിരുന്ന കോൺഗ്രസ്, വി.സി.കെ., മുസ്‌ലിം ലീഗ് തുടങ്ങിയ കക്ഷികൾ സഖ്യത്തിൽനിന്ന് പിന്മാറി ടി.വി.കെ.യ്ക്ക് പിന്തുണ പ്രഖ്യാപിച്ചെന്നാണ് റിപ്പോർട്ടുകൾ. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലും ടി.വി.കെ.യ്ക്കൊപ്പമുണ്ടാകുമെന്ന് ഇവർ വ്യക്തമാക്കിയിട്ടുണ്ട്.
കോൺഗ്രസും ഡി.എം.കെ.യും തമ്മിലുള്ള ബന്ധവും നിലവിൽ പ്രതിസന്ധിയിലാണ്. ഡി.എം.കെ.യുമായി സഹകരിച്ചിരുന്ന ഇടതുപക്ഷം സർക്കാർ രൂപീകരണത്തിന് ടി.വി.കെ.യെ പിന്തുണച്ചെങ്കിലും നിലവിൽ ഔദ്യോഗികമായി ഒരു സഖ്യത്തിലും ഇല്ലെന്നാണ് വിവരം.
ദേശീയ രാഷ്ട്രീയത്തിൽ പുതിയൊരു ബദലിനുള്ള സാധ്യതയാണ് ഇതോടെ ഉയരുന്നത്. എന്നാൽ സി.ജെ.പി., ഡി.എം.കെ., എ.എ.പി. കക്ഷികളുടെ ഭാഗത്തുനിന്ന് മൂന്നാം മുന്നണി സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല.
