തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ ‘ഭാരത് അരി’ക്ക് ബദലായി കേരളത്തിന്റെ ‘കെ- അരി’ വിതരണം ചെയ്യുന്നതിൽ ഈ ആഴ്ച തീരുമാനമെന്നു ഭക്ഷ്യ വകുപ്പ്. ഭാരത് അരി കിലോയ്ക്ക് 29 രൂപയ്ക്കാണ് നൽകുന്നതെങ്കിൽ കെ- അരി 25 മുതൽ 27 രൂപ വരെയായിരിക്കും വില.
നാഫെഡ് വിപണന കേന്ദ്രങ്ങൾ വഴിയാണ് ഭാരത് അരിയുടെ വിതരണം. കെ- അരി പൊതുവിതരണ സംവിധാനം വഴിയായിരിക്കും ലഭ്യമാക്കുക. നീല, വെള്ള കാർഡ് ഉടമകൾക്കു 10 കിലോഗ്രാം വീതം നൽകാനാണ് ആലോചന. റേഷൻ കാർഡ് ഉടമകൾക്ക് ഇപ്പോഴുള്ള വിഹിതത്തിനു പുറമേ കെ- അരിയും ലഭ്യമാക്കും.
ചമ്പാവ്, ജയ, കുറുവ അരികളായിരിക്കും വിൽക്കുക. മലയാളിക്കു പ്രിയപ്പെട്ട മട്ട അരിയും നൽകും. ഇവയുടെ സ്റ്റോക്കെടുക്കാൻ സിവിൽ സപ്ലൈസ് കമ്മീഷണർക്കും ഡയറക്ടർമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. എഫ്സിഐ വഴി ലഭിക്കുന്ന വിഹിതത്തിൽ വിതരണം ചെയ്യാതെ ബാക്കിയുള്ള അരി കെ- ബ്രാൻഡിൽ ഉൾപ്പെടുത്തി റേഷൻ കാർഡുകാർക്ക് നൽകും.
പദ്ധതി ശുപാർശ ഭക്ഷ്യ വകുപ്പ് ഈയാഴ്ച തന്നെ തയ്യാറാക്കും. മന്ത്രിസഭാ യോഗം ഇക്കാര്യത്തിൽ തീരുമാനമെടുക്കും.
മാർച്ച് ആദ്യം ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്നു റിപ്പോർട്ടുകളുണ്ട്. അതിനു മുൻപ് വിതരണം തുടങ്ങാനാണ് നീക്കം.
‘ഭാരത് അരി’ക്ക് ബദൽ കേരളത്തിന്റെ ‘കെ- അരി’- റേഷൻ കട വഴി വിതരണം
