കർണാടകയിലെ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരു വധക്കേസിൽ ഒളിവിലായിരുന്ന പ്രതി ഉമ്മർ ഫാറൂഖിനെ NIA കൊച്ചിയിൽ നിന്ന് അറസ്റ്റ് ചെയ്തു.

കൊച്ചി: കർണാടകയിലെ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരു വധക്കേസിൽ ഒളിവിലായിരുന്ന പ്രതി ഉമ്മർ ഫാറൂഖിനെ ദേശീയ അന്വേഷണ ഏജൻസി (NIA) കൊച്ചിയിൽ നിന്ന് അറസ്റ്റ് ചെയ്തു. കേസിലെ ഗൂഢാലോചനാ പ്രതിയായ ഇയാളെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് നാല് ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നതാണ്. ബെംഗളൂരു, കൊച്ചി എൻഐഎ യൂണിറ്റുകളുടെ സംയുക്ത നീക്കത്തിലൂടെയാണ് പ്രതിയെ പിടികൂടിയത്. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം മുഖ്യപ്രതിയെയും കൊച്ചിയിൽ നിന്ന് എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. മൂന്ന് വർഷത്തോളം പള്ളുരുത്തിയിൽ ഒളിവിൽ കഴിഞ്ഞുവരുന്നതിനിടെയായിരുന്നു ആ അറസ്റ്റ്.

പ്രവീൺ നെട്ടാരു വധക്കേസിൽ ഇതുവരെ 19 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഉമ്മർ ഫാറൂഖിന്റെ അറസ്റ്റോടെ അന്വേഷണത്തിൽ കൂടുതൽ നിർണായക വിവരങ്ങൾ ലഭിക്കുമെന്നാണ് അന്വേഷണ സംഘം പ്രതീക്ഷിക്കുന്നത്. 2022 ജൂലൈ 26-നാണ് ദക്ഷിണ കന്നഡ ജില്ലയിലെ ബെല്ലാരെ പ്രദേശത്ത് യുവമോർച്ച ദക്ഷിണ കന്നഡ ജില്ലാ എക്സിക്യൂട്ടീവ് അംഗമായിരുന്ന പ്രവീൺ നെട്ടാരു കൊല്ലപ്പെട്ടത്. കോഴിക്കട അടച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബൈക്കിലെത്തിയ അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഈ കൊലപാതകം ദേശീയതലത്തിൽ വലിയ രാഷ്ട്രീയ വിവാദങ്ങൾക്കും വ്യാപക പ്രതിഷേധങ്ങൾക്കും വഴിവെച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!