തിരുവനന്തപുരം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ മാർത്താണ്ഡത്തിന് സമീപം കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ചെങ്കവിള വെളിയങ്കോട്ടുകോണം സി.കെ. സദനത്തിൽ അതുൽ (29) ആണ് കണ്ണക്കോട് ആറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപ്പെടുത്തിയ ശേഷം മൃതദേഹം ആറ്റിൽ തള്ളിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹത്തിന് ഏകദേശം മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് നിന്ന് നാല് കിലോമീറ്റർ അകലെ ചിതറാലിന് സമീപം അതുൽ ഉപയോഗിച്ചിരുന്ന ആൾട്ടോ കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. കാറിന്റെ മുൻവശത്തെയും പിൻവശത്തെയും നമ്പർ പ്ലേറ്റുകൾ ഇല്ലാതിരുന്നതായും ചില്ലുകൾ തകർന്ന നിലയിലായിരുന്നുവെന്നും പൊലീസ് അറിയിച്ചു.
അതുൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്നു. പൊഴിയൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ മാത്രം എട്ട് കേസുകൾ ഇയാളുടെ പേരിലുണ്ടായിരുന്നു. ഒരു വർഷത്തേക്ക് ആ സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കുന്നതിൽ നിന്ന് കോടതി വിലക്കിയിരുന്ന അതുലിന്റെ നിരോധന കാലാവധി ഏതാനും മാസങ്ങൾക്ക് മുമ്പാണ് അവസാനിച്ചത്. ഇക്കഴിഞ്ഞ 27-ാം തീയതി വൈകീട്ടാണ് അതുൽ വീട്ടിൽ നിന്ന് കുഴിത്തുറയിലെ സുഹൃത്തിന്റെ കുട്ടിയുടെ നൂലുകെട്ട് ചടങ്ങിൽ പങ്കെടുക്കാനെന്ന് പറഞ്ഞ് കാറിൽ യാത്ര തിരിച്ചത്. 28-ന് ചടങ്ങിൽ പങ്കെടുത്തതായി തമിഴ്‌നാട് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. തുടർന്ന് ചടങ്ങിൽ പങ്കെടുത്തവർക്കൊപ്പം ബാറിൽ പോയി മദ്യപിച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ കുറച്ചുകാലമായി പളുകലിൽ താമസിച്ചിരുന്ന അതുൽ, നാഗർകോവിൽ കേന്ദ്രമായി പ്രവർത്തിക്കുന്ന തമിഴ്‌നാട് ശിവസേന എന്ന സംഘടനയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നുവെന്നാണ് വിവരം. കഴിഞ്ഞ ഒരു വർഷമായി അക്രമ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിന്നിരുന്നതായും പൊലീസ് പറയുന്നു. മൃതദേഹം നിലവിൽ നാഗർകോവിൽ മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ തമിഴ്‌നാട് പൊലീസ് അന്വേഷണം തുടരുകയാണ്.
