രാജ്‌കോട്ട് : ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ കത്തിക്കയറി ഇന്ത്യൻ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍. ഏകദിന മത്സരങ്ങളെ അനുസ്മരിപ്പിക്കുന്ന വിധം വെടിക്കെട്ട് ബാറ്റിങ് നടത്തിയ യശസ്വി ജയ്‌സ്വാള്‍ തന്റെ കരിയറിലെ രണ്ടാമത്തെ ഇരട്ട ശതകം കുറിച്ചു. ആദ്യ ടെസ്റ്റിലും ഇരട്ട ശതകം നേടി യശസ്വി വരവറിയിച്ചിരുന്നു. പത്തു സിക്‌സുകളുടെ അകമ്പടിയോടെ 230 പന്തിലായിരുന്നു യശസ്വിയുടെ ഡബിള്‍ സെഞ്ച്വറി. യശസ്വിയുടെ ബാറ്റിങ്ങിന്റെ മികവില്‍ ഇന്ത്യയുടെ രണ്ടാമത്തെ ഇന്നിംഗ്‌സ് ലീഡ് 500 കടന്നു. അരങ്ങേറ്റ മത്സരത്തില്‍ തുടര്‍ച്ചയായ രണ്ടാമത്തെ ഇന്നിംഗ്‌സിലും അര്‍ധശതകം നേടി സര്‍ഫ്രാസ് ഖാന്‍ തിളങ്ങി.
നേരത്തെ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സ് എന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് തുടങ്ങിയ ഇന്ത്യയ്ക്ക് ശുഭ്മാന്‍ ഗില്‍, കുല്‍ദീപ് യാദവ് എന്നിവരുടെ വിക്കറ്റുകള്‍ കൂടി നഷ്ടമായി. സെഞ്ച്വറിക്ക് 9 റണ്‍സ് അകലെ വച്ചാണ് ഗില്‍ പുറത്തായത്. റണ്‍ഔട്ടിന്റെ രൂപത്തിലാണ് ഗില്ലിനെ നിര്‍ഭാഗ്യം തേടിയെത്തിയത്. കളി തീരാന്‍ മിനിറ്റുകള്‍ മാത്രം ബാക്കി നില്‍ക്കെ, നൈറ്റ് വാച്ച്മാന്‍ ആയി ഇന്നലെ ബാറ്റിങ്ങിന് ഇറങ്ങിയ കുല്‍ദീപ് ഇന്ന് 24 റണ്‍സ് കൂടി ചേര്‍ത്ത് 27 റണ്‍സിലാണ് ഔട്ടായത്.
ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന്റെ പോരാട്ടം 319 റണ്‍സില്‍ അവസാനിപ്പിച്ചാണ് ഇന്ത്യ രണ്ടാം ഇന്നിങ്‌സ് തുടങ്ങിയത്. ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 445 റണ്‍സിനു പുറത്തായി. 126 റണ്‍സ് ലീഡുമായാണ് മൂന്നാം ദിനം ഇന്ത്യ ബാറ്റിങ് തുടങ്ങിയത്.
നേരത്തെ നാല് വിക്കറ്റെടുത്ത മുഹമ്മദ് സിറാജാണ് ഇംഗ്ലണ്ടിനെ മികച്ച സ്‌കോറിലേക്ക് പോകാന്‍ അനുവദിക്കാതെ പിടിച്ചു നിര്‍ത്തിയത്. ബെന്‍ ഡുക്കറ്റാണ് അവരുടെ ടോപ് സ്‌കോറര്‍. താരം 153 റണ്‍സെടുത്തു.
ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് (41), ഒലി പോപ്പ് (39) എന്നിവരും തിളങ്ങി. മറ്റൊരാളും ക്രീസില്‍ അധികം നിന്നില്ല. കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. ജസ്പ്രിത് ബുംറ, ആര്‍ അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റടുത്തു