കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന്‌ ഇടക്കാല ജാമ്യം

തിരുവനന്തപുരം: കാപ്പ കേസിൽ ജയിലിൽ കഴിയുന്ന ബിജെപിയുടെ തിരുവനന്തപുരം കോർപ്പറേഷൻ കൗണ്‍സിലര്‍ ആർ സുഗതന് ഇടക്കാല ജാമ്യം. സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാനായി ജൂലൈ 13 ന് വൈകിട്ട് അഞ്ച് മണി മുതൽ ജൂലൈ 14 രാത്രി 9 മണി വരെയാണ് നെടുമങ്ങാട് കോടതി ആർ സുഗതന് ഇടക്കാല ജാമ്യം അനുവദിച്ചത്.

നെടുമങ്ങാട് സെക്കൻ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലുള്ള രണ്ട് കേസുകൾക്കാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. കാപ്പാ കേസിൽ ഹൈക്കോടതിയിൽ നിന്ന് കൂടി ജാമ്യം ലഭിച്ചാലെ സുഗതന് ജയിലിൽ നിന്ന് പുറത്തിറങ്ങാനും സത്യപ്രതിജ്ഞയിൽ പങ്കെടുക്കാനും സാധിക്കുകയുള്ളു.

ജൂലൈ 26ന് മുമ്പ് കാപ്പ കേസില്‍ ജാമ്യമില്ലെങ്കില്‍ സുഗതന്‍ കൗണ്‍സിലര്‍ സ്ഥാനത്ത് നിന്ന് അയോഗ്യനാകും. അതിനുമുന്‍പ് ജാമ്യം നേടാനുള്ള ശ്രമത്തിലാണ് ബിജെപി. നേരത്തെ ബിജെപി കൗണ്‍സിലര്‍ സുഗതനെതിരായ കാപ്പ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. ആഭ്യന്തര വകുപ്പാണ് കാപ്പ ചുമത്തിയ നടപടി അംഗീകരിച്ചത്. ആഭ്യന്തര വകുപ്പിലെ സമിതി ജില്ലാ കളക്ടറുടെ നടപടിക്ക് അംഗീകാരം നൽകുകയായിരുന്നു. ഇളവിനായി കാപ്പ ഉപദേശക സമിതിയെ സമീപിക്കാമെങ്കിലും സമിതി രൂപീകരിക്കാന്‍ വൈകുന്നതും സുഗതന് തടസ്സമായിരുന്നു.

ജില്ലാ കളക്ടറാണ് സുഗതനെതിരെ കാപ്പ ചുമത്തി കരുതല്‍ തടങ്കല്‍ ഉത്തരവ് പുറപ്പെടുവിച്ചത്. സുഗതന്‍ സമൂഹത്തിന് ഭീഷണിയാണ് എന്നാണ് ജില്ലാ കളക്ടറുടെ ഉത്തരവില്‍ പറയുന്നത്. സുഗതനെതിരെ എട്ട് വര്‍ഷത്തിനിടെ 7 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുളളത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!