തിരുവനന്തപുരം: സംസ്ഥാനത്ത് മുഖ്യമന്ത്രിക്കൊഴികെ ബാക്കിയുള്ളതിനെല്ലാം കനത്ത വിലയാണെന്ന് ഷാഫി പറമ്പിൽ എംഎൽഎ. സ്പ്ലൈകോയിൽ അവശ്യസാധനങ്ങൾ ലഭ്യമാകാത്തത് സംബന്ധിച്ച അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാവേലി സ്റ്റോറിൽ പോകുന്നവർ വെറും കൈയോടെ മടങ്ങി വരികയാണ്. മാവേലിയെ പറയിപ്പിക്കുന്നതെങ്കിലും ദയവായി നിർത്തണം. മാവേലി സ്റ്റോറിന് കെ വെച്ച് വല്ല പേരും ഇടണം. എന്നാൽ, ആളുകൾക്ക് വലിയ പ്രതീക്ഷ ഉണ്ടാകില്ലെന്ന് ഷാഫി പരിഹസിച്ചു.
സപ്ലൈകോ ഔട്ട്ലെറ്റുകളിൽ അവശ്യസാധനങ്ങൾ ഇല്ലായെന്ന് മന്ത്രിക്ക് സഭയിൽ രേഖാമൂലം സമ്മതിക്കേണ്ടി വന്നു. ഞങ്ങളുന്നയിക്കുന്ന ജനകീയ പ്രശ്നങ്ങളുടെ ആത്മാർത്ഥത സിപിഐയുടെ സംസ്ഥാന കൗൺസിലിൽ ഇരിക്കുന്ന ഭാര്യക്ക് മനസ്സിലായിട്ടും മന്ത്രിക്ക് സമ്മതിക്കാൻ കഴിയുന്നില്ല. ചോദ്യങ്ങൾക്ക് ഉത്തരം എഴുതി നൽകുന്ന വകുപ്പിലെ ഉദ്യോഗസ്ഥരുടെ ആത്മാർത്ഥതയെങ്കിലും മന്ത്രിക്ക് വേണം.സപ്ലൈകോക്ക് ധനമന്ത്രി പണം അനുവദിക്കുന്നില്ലെങ്കിൽ ഭക്ഷ്യമന്ത്രി പ്രതിപക്ഷത്തിനൊപ്പം ചേർന്ന് പോരാടണമെന്ന് ഷാഫി പറമ്പിൽ പറഞ്ഞു.
അതേസമയം, കേന്ദ്രസർക്കാർ വായ്പ പരിധി വെട്ടിക്കുറച്ചതാണ് സപ്ലൈകോ നേരിടുന്ന പ്രശ്നത്തിന്റെ യഥാർത്ഥ കാരണമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ പറഞ്ഞു. സപ്ലൈകോയെ തകർക്കാൻ ശ്രമിക്കുകയാണ്. നിലവിലെ പ്രയാസം താത്കാലികമാണെന്നും മന്ത്രി പറഞ്ഞു.
