വയനാട്ടിൽ ഹർത്താൽ ആരംഭിച്ചു

കല്‍പ്പറ്റ: വയനാട്ടിൽ ഇന്ന് ഹർത്താൽ. ജില്ലയിൽ വന്യജീവി ആക്രമണം തുടര്‍ക്കഥയാകുന്ന സാഹചര്യത്തിലും കഴിഞ്ഞ ദിവസം കര്‍ഷകന്‍ അജീഷിനെയും ആന കുത്തികൊന്ന സാഹചര്യത്തിലും ജനങ്ങള്‍ക്ക് വേണ്ട സുരക്ഷ സര്‍ക്കാര്‍ ഒരുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കാര്‍ഷിക സംഘടനകളുടെ നേതൃത്വത്തില്‍ ഹര്‍ത്താല്‍.

ഇന്ന് (ചൊവ്വാഴ്ച) രാവിലെ 6 മണിക്ക് ഹർത്താൽ ആരംഭിച്ചു. വൈകീട്ട് 6 മണി വരെയാണ് ഹര്‍ത്താല്‍. നിര്‍ബന്ധിച്ച് കടകള്‍ അടപ്പിക്കാനോ വാഹനം തടയാനോ തങ്ങള്‍ മുതിരില്ലെന്നും മനഃസാക്ഷി മരവിക്കാത്തവര്‍ ഹര്‍ത്താലിനോട് സഹകരിക്കണമെന്നും കര്‍ഷക സംഘടനകള്‍ അഭ്യർത്ഥിച്ചു.

കര്‍ഷക സംഘടനകള്‍ കഴിഞ്ഞ നാല് വര്‍ഷക്കാലമായി വയനാട്ടില്‍ സമരവും പ്രതിഷേധവും നടത്തുകയാണ്. എന്നിട്ടും ഭരണകൂടം മുഖം തിരിക്കുകയാണെന്ന് സംഘടനകള്‍ ആരോപിച്ചു. അഞ്ച് ലക്ഷം രൂപയാണ് വയനാട്ടിലെ ജനങ്ങള്‍ക്കിട്ടിരിക്കുന്ന വിലയെന്നും സംഘടനാ പ്രതിനിധികള്‍ പറഞ്ഞു.

അതേസമയം ആനയുടെ സാന്നിധ്യം തിരുനെല്ലി പഞ്ചായത്തിലെയും മാനന്തവാടി നഗരത്തിലെ നാല് ഡിവിഷനിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർ ഇന്നും അവധി പ്രഖ്യാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!