വോട്ട് ചോരിക്ക് ശേഷം ‘സീറ്റ് ചോരി’; ബിജെപിക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിന് കോൺഗ്രസ്

ന്യൂഡൽഹി : മധ്യപ്രദേശിലെ കോൺഗ്രസിന്റെ രാജ്യസഭാ സ്ഥാനാർത്ഥി മീനാക്ഷി നടരാജന്റെ നാമനിർദ്ദേശ പത്രിക തള്ളിയ നടപടിക്കെതിരെ കടുത്ത രാഷ്ട്രീയ-നിയമ പോരാട്ടത്തിനൊരുങ്ങി കോൺഗ്രസ്. ബിജെപി സർക്കാർ വോട്ട് ചോർത്തലിന് പിന്നാലെ ഇപ്പോൾ ‘സീറ്റ് ചോരി’ കൂടിയാണ് നടത്തുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ കുറ്റപ്പെടുത്തി. രാജ്യസഭാ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ കേന്ദ്ര സർക്കാർ ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്നും അദ്ദേഹം ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

രാജ്യത്ത് വർദ്ധിച്ചുവരുന്ന വിലക്കയറ്റം, തൊഴിലില്ലായ്മ, ചോദ്യപേപ്പർ ചോർച്ച, കർഷകരുടെ പ്രശ്നങ്ങൾ എന്നിവയ്‌ക്കെതിരെ രാജ്യവ്യാപകമായി വൻ പ്രക്ഷോഭം സംഘടിപ്പിക്കാൻ കോൺഗ്രസ് നേതൃത്വം തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു.

അടുത്ത രണ്ടോ മൂന്നോ മാസങ്ങൾക്കുള്ളിൽ രാജ്യത്ത് ശക്തമായ ഒരു പ്രക്ഷോഭത്തിന് കോൺഗ്രസ് തുടക്കം കുറിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ, സംസ്ഥാന, ജില്ലാ തലങ്ങളിൽ ഒരേപോലെ ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാനാണ് പാർട്ടി തീരുമാനം. മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി അടക്കമുള്ളവർ പങ്കെടുത്ത കോൺഗ്രസിന്റെ ഉന്നത യോഗത്തിന് ശേഷമാണ് രാജ്യവ്യാപക സമരത്തിനുള്ള പ്രഖ്യാപനമുണ്ടായത്.

രാജ്യം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി യോഗം ചർച്ച ചെയ്തതായും ഇന്ധനവില നിരന്തരം വർദ്ധിച്ചുകൊണ്ടിരിക്കുന്നുവെന്നും രാജ്യത്ത് തൊഴിലില്ലായ്മ അതിന്റെ പരകോടിയിലാണെന്നും വേണുഗോപാൽ പറഞ്ഞു. വിദ്യാർത്ഥികൾ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്, ഓരോ കുടുംബവും ആശങ്കയിലാണ്. വിലക്കയറ്റവും തൊഴിലില്ലായ്മയും ചോദ്യപേപ്പർ ചോർച്ചയുമാണ് ഇന്ന് രാജ്യം നേരിടുന്ന പ്രധാന പ്രശ്നങ്ങൾ. എന്നാൽ ഇതിലൊന്നും യാതൊരു ധാർമ്മിക ഉത്തരവാദിത്തവും കാണിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകുന്നില്ലെന്ന് കെ.സി വേണുഗോപാൽ കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!