ഡിസിസി സെക്രട്ടറിയുടെ വീട്ടിലെത്തി വയോധികൻ തീ കൊളുത്തി മരിച്ച സംഭവം…വീഴ്ച സമ്മതിച്ച് കടത്തനാട് ലേബർ സൊസൈറ്റി പ്രസിഡന്റ്

കോഴിക്കോട്: വടകരയിൽ ഡിസിസി സെക്രട്ടറിയുടെ വീട്ടിലെത്തി ശരീരത്തിൽ പെട്രോളൊഴിച്ച് തീ കൊളുത്തിയ വയോധികൻ മരിച്ച സംഭവത്തിൽ നിർണ്ണായക വെളിപ്പെടുത്തലുമായി സഹകരണ സൊസൈറ്റി പ്രസിഡന്റ്. മരണപ്പെട്ട തിരുവള്ളൂർ സ്വദേശി ഇബ്രാഹിംകുട്ടി ഹാജിക്ക് (71) സൊസൈറ്റിയിൽ നിന്നും പണം നൽകാൻ സാധിച്ചിട്ടില്ലെന്ന് കടത്തനാട് ലേബർ സൊസൈറ്റി പ്രസിഡന്റ് ബഷീർ അഹമ്മദ് സമ്മതിച്ചു. ഇബ്രാഹിംകുട്ടി പല തവണ നിക്ഷേപത്തുക ആവശ്യപ്പെട്ടിട്ടും പലിശ മാത്രമാണ് കൊടുക്കാൻ കഴിഞ്ഞതെന്നും ബഷീർ അഹമ്മദ് വ്യക്തമാക്കി.

സൊസൈറ്റി നിലവിൽ ഒരു കോടി 69 ലക്ഷം രൂപയുടെ നഷ്ടത്തിലാണെന്നും അതുകൊണ്ടാണ് പണം കൃത്യസമയത്ത് തിരികെ കൊടുക്കാൻ കഴിയാത്തതെ ന്നുമാണ് പ്രസിഡന്റിന്റെ വിശദീകരണം. ഒന്നു രണ്ട് മാസത്തിനു ള്ളിൽ പണം തരാമെന്ന് ഇബ്രാഹിമിനോട് പറഞ്ഞിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്നലെ രാവിലെ പത്തരയോടെയാണ് ഇബ്രാഹിംകുട്ടി ഹാജി ഡിസിസി സെക്രട്ടറി സുധീറിന്റെ വീട്ടിലെത്തിയത്. കയ്യിൽ കരുതിയിരുന്ന പെട്രോൾ ശരീരത്തിലേക്ക് ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ശരീരത്തിൽ 75 ശതമാനത്തിലധികം പൊള്ളലേറ്റ ഇബ്രാഹിമിനെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി എട്ടരയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

തീവ്രമായ സാമ്പത്തിക പ്രതിസന്ധിയിലാ യിരുന്ന ഇബ്രാഹിംകുട്ടി ഹാജി, കോൺഗ്രസ് നേതാവായ സുധീറിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കടത്തനാട് ലേബർ കോൺട്രാക്ട് സൊസൈറ്റിയിൽ വലിയൊരു തുക നിക്ഷേപിച്ചിരുന്നു. മക്കളുടെ ആവശ്യങ്ങൾക്കായി ഈ പണം തിരികെ ലഭിക്കാൻ പല തവണ സൊസൈറ്റിയെ സമീപിച്ചെങ്കിലും ഭാരവാഹികൾ പണം നൽകാൻ തയ്യാറായില്ല.

ഈ മാനസിക വിഷമമാണ് നേതാവിന്റെ വീട്ടിലെത്തി ഇത്തരമൊരു ദാരുണമായ വഴി തിരഞ്ഞെടുക്കാൻ ഇബ്രാഹിംകുട്ടിയെ പ്രേരിപ്പിച്ചത്. സംഭവത്തിൽ കോൺഗ്രസ് നേതാക്കൾക്കെതിരെയും സൊസൈറ്റി ഭാരവാഹികൾക്കെതിരെയും വൻ പ്രതിഷേധമാണ് നാട്ടിൽ ഉയരുന്നത്. വടകര പോലീസ് സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!