ധർമേന്ദ്രയ്ക്ക് മരണാനന്തര ബഹുമതിയായി പദ്മവിഭൂഷൺ; പുരസ്‌കാരം ഏറ്റുവാങ്ങി ഹേമ മാലിനി

ന്യൂഡൽഹി : രാജ്യത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതികളിലൊന്നായ പദ്മവിഭൂഷൺ പുരസ്‌കാരം അന്തരിച്ച ബോളിവുഡ് ഇതിഹാസം ധർമേന്ദ്രയ്ക്ക് മരണാനന്തര ബഹുമതിയായി രാഷ്ട്രപതി ദ്രൗപദി മുർമു സമ്മാനിച്ചു. ധർമേന്ദ്രയ്ക്കുവേണ്ടി അദ്ദേഹത്തിന്റെ ഭാര്യയും ബിജെപി എംപിയുമായ നടി ഹേമ മാലിനി പുരസ്‌കാരം ഏറ്റുവാങ്ങി. അവർ പുരസ്‌കാരം ഏറ്റുവാങ്ങുമ്പോൾ സദസ്സിൽ ഉണ്ടായിരുന്ന മകൾ അഹാന ഡിയോൾ വികാരാധീനയായി.

അതേ ചടങ്ങിൽ പ്രശസ്ത വയലിനിസ്റ്റ് എൻ. രാജത്തിനും പദ്മവിഭൂഷൺ സമ്മാനിച്ചു. പരസ്യലോകത്തെ പ്രമുഖനായ അന്തരിച്ച പിയുഷ് പാണ്ഡെയ്ക്കുവേണ്ടി ഭാര്യ നീത ജോഷി പദ്മഭൂഷൺ ഏറ്റുവാങ്ങി.

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കേന്ദ്രസർക്കാർ ആകെ 131 പദ്മ പുരസ്‌കാരങ്ങളാണ് പ്രഖ്യാപിച്ചത്. മുൻമുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ, ജസ്റ്റിസ് കെ.ടി. തോമസ്, പി. നാരായണൻ എന്നിവരുൾപ്പെടെ അഞ്ചുപേർക്കാണ് പദ്മവിഭൂഷൺ പുരസ്‌കാരം.

പദ്മവിഭൂഷണിന് അർഹരായ അഞ്ചിൽ മൂന്നുപേരും മലയാളികളാണ്. നടൻ മമ്മൂട്ടിയും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ഉൾപ്പെടെ 13 പേർക്കാണ് പദ്മഭൂഷൺ. കൂടാതെ 113 പേർക്ക് പദ്മശ്രീ പുരസ്‌കാരവും പ്രഖ്യാപിച്ചു. നടൻ പ്രൊസൻജിത്ത് ചാറ്റർജി ഉൾപ്പെടെ പദ്മശ്രീ പുരസ്‌കാരം ഏറ്റുവാങ്ങി.

ബുധനാഴ്ച നടന്ന ആദ്യഘട്ട വിതരണച്ചടങ്ങിൽ രണ്ട് പദ്മവിഭൂഷൺ, ആറ് പദ്മഭൂഷൺ, 58 പദ്മശ്രീ ഉൾപ്പെടെ 66 പേർക്കാണ് രാഷ്ട്രപതി പുരസ്‌കാരങ്ങൾ സമ്മാനിച്ചത്. ശേഷിക്കുന്ന പുരസ്‌കാര ജേതാക്കൾക്ക് അടുത്ത ഘട്ടത്തിൽ ബഹുമതി നൽകും. രാഷ്ട്രപതി ഭവന്റെ ഗണതന്ത്ര മണ്ഡപത്തിൽ നടന്ന ചടങ്ങളിൽ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ, പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!