ദമ്പതികളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം… കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോലീസ്

കൊല്ലം: കൊല്ലം കടയ്ക്കലിൽ പ്രവാസി ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകവും ആത്മഹത്യയുമെന്ന് സ്ഥിരീകരിച്ച് പോലീസ്. ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കുകയായിരുന്നു എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കടയ്ക്കൽ അഞ്ചുമുക്ക് സ്വദേശി സുഗതനെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലും, ഭാര്യ ലതയുടെ മൃതദേഹം കട്ടിലിലുമാണ് കണ്ടെത്തിയിരുന്നത്.

ലതയുടെ മരണത്തിൽ തുടക്കം മുതലേ ഉയർന്ന ദുരൂഹതകൾ ശരിവെക്കുന്നതാണ് നിലവിൽ പുറത്തുവന്നിട്ടുള്ള പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ലതയുടേത് കൊലപാതകമാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഉറങ്ങിക്കിടക്കുകയായിരുന്ന ലതയെ തലയണ മുഖത്ത് അമർത്തി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഭാര്യയുടെ മരണം ഉറപ്പാക്കിയ ശേഷമാണ് സുഗതൻ അതേ മുറിയിൽ തന്നെ തൂങ്ങിമരിച്ചതെന്നാണ് പോലീസിന്റെ നിഗമനം. ദമ്പതികൾക്കിടയിൽ നിലനിന്നിരുന്ന കടുത്ത കുടുംബ പ്രശ്നങ്ങളാണ് ഈ ദാരുണമായ കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്.

വിദേശത്ത് ജോലി ചെയ്യുന്ന സുഗതനും കുടുംബവും ഏതാനും ദിവസങ്ങൾക്ക് മുൻപാണ് അവധിക്ക് നാട്ടിലെത്തിയത്. അവധി കഴിഞ്ഞ് ഞായറാഴ്ച ഇവർ തിരികെ വിദേശത്തേക്ക് മടങ്ങാൻ ഇരിക്കുകയായിരുന്നു. യാത്ര പുറപ്പെടേണ്ട ദിവസം രാവിലെയായിട്ടും ഇരുവരെയും പുറത്തേക്ക് കാണാത്തതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ പരിശോധനയിലാണ് കിടപ്പുമുറിയിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ പോലീസ് സംഭവത്തിൽ കൂടുതൽ വിശദമായ അന്വേഷണം നടത്തിവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!