ഇടുക്കി : ഉപ്പുതറയില്‍ യുവതിയെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന യുവതിയുടെ ഭര്‍ത്താവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഉപ്പുതറ എം സി കവല സ്വദേശി മലേക്കാവില്‍ സുബിനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന് സമീപത്തെ കൃഷിയിടത്തില്‍ ആണ് മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഉപ്പുതറ സ്വദേശി രജനിയെ വീടിനുള്ളില്‍ തലയ്ക്ക് അടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൃത്യം നിര്‍വ്വഹിച്ചത് രജനിയുടെ ഭര്‍ത്താവ് സുബിന്‍ ആണെന്നായിരുന്നു പൊലീസിന്റെ നിഗമനം. സംഭവ ശേഷം ഇയാളെ ഇവിടെ നിന്ന് കാണാതായി. സുബിന്‍ കോട്ടയം ഭാഗത്തേയ്ക്ക് ബസില്‍ കയറി പോയതായി നാട്ടുകാരില്‍ ചിലര്‍ മൊഴി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് അന്വേഷണം ആരംഭിച്ചെങ്കിലും ടവര്‍ ലൊക്കെഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ ഇയാള്‍ ഇവിടെ നിന്ന് പോയിട്ടില്ലെന്ന് മനസിലാക്കുകയും തുടര്‍ന്ന് വിവിധ സംഘങ്ങള്‍ ആയി തിരിഞ്ഞ് പൊലീസ് മേഖലയില്‍ പരിശോധന നടത്തുകയുമായിരുന്നു. ഇവരുടെ വീടിന് ഏകദേശം അഞ്ഞൂറ് മീറ്റര്‍ അകലെയുള്ള പ്രദേശത്താണ് സുബിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉപ്പുതറ പൊലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.
സുബിനും കുടുംബവും ഒരു മാസം മുമ്പാണ് ഇവിടെ താമസത്തിന് എത്തിയത്. ഇരുവരും തമ്മില്‍ വഴക്ക് ഉണ്ടാക്കുന്നതും പതിവായിരുന്നു. സംഭവ ദിവസം വൈകിട്ട് സ്‌കൂള്‍ വിട്ടു വന്ന ഇവരുടെ ഇളയ കുട്ടിയാണ് അമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. സുബിനും രജനിയ്ക്കും മൂന്ന് മക്കളാണുള്ളത്.
