ക്ഷേത്ര ദർശനത്തിനെത്തിയ വീട്ടമ്മയുടെ  മാല കവർന്ന നാടോടി സ്ത്രീകൾ പിടിയിൽ

പത്തനംതിട്ട : മലയാലപ്പുഴ ദേവി ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയ വീട്ടമ്മയുടെ നാലര പവൻ സ്വർണ്ണമാല കവർന്ന നാടോടി സംഘത്തിലെ രണ്ട് സ്ത്രീകളെ മലയാലപ്പുഴ പോലീസ് ദിവസങ്ങൾക്കകം പിടികൂടി.

തമിഴ്നാട് വെള്ളാച്ചി പള്ളിവാസൽ കോട്ടൂർ ഡോർ നമ്പർ 75 ൽ ഏഴിമലയുടെ ഭാര്യ ജൂലി (53), തമിഴ്നാട് രാജപാളയം തെൻഡ്രൽ നഗർ 502/3133 ഗണേശന്റെ ഭാര്യ പ്രിയ എന്ന് വിളിക്കുന്ന ജക്കമ്മാൾ(42) എന്നിവരാണ് അറസ്റ്റിലായത്. ഈ മാസം ഒന്നിന് രാവിലെ എട്ടരയ്ക്കും 9 നുമിടെയാണ് ക്ഷേത്രത്തിന്റെ ശ്രീകോവിലിനു സമീപം വെച്ച് സംഘം വീട്ടമ്മയുടെ മാല പറിച്ചത്.

പത്തനംതിട്ട തോന്നിയമല പട്ടംതറ കിഴക്കേക്കര വീട്ടിൽ സുധാ ശശിയുടെ മൂന്നു ഗ്രാം ഉള്ള താലിയും ഒരു ഗ്രാം ലോക്കറ്റുമടക്കം നാലരപവന്റെ മാലയാണ്‌ നഷ്ടമായത്. 3,15,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.  

അന്ന് തന്നെ വീട്ടമ്മ മലയാലപ്പുഴ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. എസ് സി പി ഓ അജിത് പ്രസാദ് മൊഴി രേഖപ്പെടുത്തി, എസ് ഐ വി എസ് കിരൺ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പ്രതികളെന്നു സംശയിക്കുന്ന 3 സ്ത്രീകൾ വീട്ടമ്മയുടെ മുന്നിലും പിന്നിലുമായി നിൽക്കുന്നത് കണ്ടു. തുടർന്ന് ഇതിനെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നീങ്ങി.

പ്രതികളിൽ ഒരാളായ രതി, മധു, അനു എന്നീ പേരുകളിൽ അറിയപ്പെടുന്ന സ്ത്രീക്ക് സമാനമായ കുറ്റകൃത്യത്തിന് തിരുവനന്തപുരം വഞ്ചിയൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതായും, അറസ്റ്റ് ചെയ്യപ്പെട്ട് ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞു വരുന്നതായും അന്വേഷണത്തിൽ വ്യക്തമായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!