മലപ്പുറം : ജില്ലാ വിഭജനം വീണ്ടും സജീവ ചർച്ചയാക്കി മുസ്ലിം യൂത്ത് ലീഗ്. മലപ്പുറം ജില്ല വിഭജിച്ച് തിരൂരങ്ങാടി ആസ്ഥാനമാക്കി പുതിയ ജില്ല രൂപീകരിക്കണമെന്ന ആവശ്യവുമായി യൂത്ത് ലീഗ് രംഗത്തെത്തി. തിരൂരങ്ങാടി മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രതിനിധി സമ്മേളനത്തിലാണ് ഈ സുപ്രധാന ആവശ്യം പ്രമേയമായി അവതരിപ്പിച്ചത്.
ഭരണപരമായ സൗകര്യത്തിനും കാര്യക്ഷമതയ്ക്കും വേണ്ടി മലപ്പുറം ജില്ലയെ രണ്ടായി വിഭജിക്കണമെന്നാണ് യൂത്ത് ലീഗിന്റെ നിർദ്ദേശം. ഏറനാട്, പെരിന്തൽമണ്ണ, നിലമ്പൂർ താലൂക്കുകൾ ഉൾപ്പെടുത്തി മലപ്പുറം നഗരം ആസ്ഥാനമായി നിലവിലെ ജില്ല നിലനിർത്തണം. തിരൂർ, പൊന്നാനി, തിരൂരങ്ങാടി, കൊണ്ടോട്ടി താലൂക്കുകൾ ഉൾപ്പെടുത്തി ‘തിരൂരങ്ങാടി’ ആസ്ഥാനമാക്കി പുതിയ ജില്ല രൂപീകരിക്കണം. വലിയ ജനസംഖ്യയുള്ള ജില്ലകളെ ചെറിയ യൂണിറ്റുകളാക്കി മാറ്റുന്നത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ജനങ്ങൾക്ക് സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കാൻ ഇത് അനിവാര്യമാണെന്നും യൂത്ത് ലീഗ് ചൂണ്ടിക്കാട്ടുന്നു.
അതേസമയം, ജില്ലാ വിഭജന കാര്യത്തിൽ മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വം ഇതുവരെ ഔദ്യോഗികമായ തീരുമാനങ്ങൾ കൈക്കൊണ്ടിട്ടില്ല. കീഴ്ഘടകങ്ങളിൽ നിന്ന് ഉയർന്നുവന്ന ഈ ആവശ്യത്തിൽ പാർട്ടി നേതൃത്വം എന്ത് നിലപാട് സ്വീകരിക്കും എന്നതിലേക്ക് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ കേരളം. മുൻപും സമാനമായ ആവശ്യങ്ങൾ ഉയർന്നിട്ടുണ്ടെങ്കിലും യൂത്ത് ലീഗ് സമ്മേളനത്തിൽ പ്രമേയം അവതരിപ്പിച്ചത് വിഷയത്തിന് പുതിയ രാഷ്ട്രീയമാനം നൽകിയിരിക്കുകയാണ്.
വിഭജനത്തിലൂടെ ലഭിക്കുന്ന പ്രധാന നേട്ടങ്ങളെന്ന് യൂത്ത് ലീഗ് ചൂണ്ടി കാണിക്കുന്നവ…
ഭരണ കാര്യക്ഷമത വർധിക്കും.
സർക്കാർ സേവനങ്ങൾ ജനങ്ങളിലേക്ക് വേഗത്തിൽ എത്തും.
പ്രദേശിക വികസന അസമത്വം കുറയും
പുതിയ ഇൻഫ്രാസ്ട്രക്ചർ വികസനവും തൊഴിൽ അവസരങ്ങളും ഉണ്ടാകും.
തീരപ്രദേശവും മലനാടും നഗരമേഖലയും ഉൾപ്പെടുന്ന പ്രദേശങ്ങൾക്ക് പ്രത്യേക വികസന നയങ്ങൾ നടപ്പാക്കാൻ സാധിക്കും.
