അമീബിക് മസ്തിഷ്‌ക ജ്വരം… വേനൽക്കാലത്ത് ജാഗ്രത വേണം… മലിനജലത്തിൽ കുളിക്കരുതെന്ന് ആരോഗ്യ മന്ത്രി

സംസ്ഥാനത്ത് വേനൽ കടുക്കുന്ന സാഹചര്യത്തിൽ അമീബിക് മസ്തിഷ്ക ജ്വരം വർധിക്കാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ശുദ്ധമല്ലാത്ത വെള്ളത്തിൽ കുളിക്കുന്നതും മുഖം കഴുകുന്നതും രോഗബാധയ്ക്ക് കാരണമായേക്കാം. ജലസ്രോതസ്സുകൾ വൃത്തിയായി സൂക്ഷിക്കണമെന്നും കിണറുകളും നീന്തൽക്കുളങ്ങളും കൃത്യമായി ക്ലോറിനേറ്റ് ചെയ്യണമെന്നും മന്ത്രി നിർദ്ദേശിച്ചു.

വെള്ളത്തിൽ കാണുന്ന അക്കാന്തമീബ, നെഗ്ലേറിയ ഫൗളേറി എന്നീ സൂക്ഷ്മജീവികളാണ് രോഗമുണ്ടാക്കുന്നത്. ചൂടേറിയ തടാകങ്ങൾ, കുളങ്ങൾ, മലിനമായ നീന്തൽക്കുളങ്ങൾ എന്നിവയിൽ ഇവ കാണപ്പെടുന്നു. ഇവ മൂക്കിലൂടെ ശരീരത്തിൽ പ്രവേശിച്ച് മസ്തിഷ്കത്തെ ബാധിക്കുന്നു. പ്രതിരോധശേഷി കുറഞ്ഞവർക്ക് ശരീരത്തിലെ മുറിവുകളിലൂടെയും അമീബ ബാധിക്കാൻ സാധ്യതയുണ്ട്. പ്രധാന രോഗലക്ഷണങ്ങൾ കടുത്ത പനി, കഠിനമായ തലവേദന, ഛർദ്ദി, കഴുത്ത് വേദന, വെളിച്ചം കാണുമ്പോഴുള്ള ബുദ്ധിമുട്ട്, ബോധക്ഷയം എന്നിവയാണ്. രോഗം ബാധിച്ചാൽ വേഗത്തിൽ ഗുരുതരമാകാൻ സാധ്യതയുള്ളതിനാൽ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ വൈദ്യസഹായം തേടണം. കേരളത്തിലെ എല്ലാ മെഡിക്കൽ കോളേജുകളിലും അമീബയെ കണ്ടെത്താനുള്ള പരിശോധനാ സംവിധാനങ്ങൾ സജ്ജമാണ്. തിരുവനന്തപുരം പബ്ലിക് ഹെൽത്ത് ലാബ്, തോന്നയ്ക്കൽ ഐ.എ.വി., കോഴിക്കോട് മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ രോഗസ്ഥിരീകരണത്തിനുള്ള മോളിക്യുലാർ പരിശോധനകളും ലഭ്യമാണ്. ആഗോളതലത്തിൽ ഈ രോഗത്തിന് മരണനിരക്ക് വളരെ കൂടുതലാണെങ്കിലും (70% മുതൽ 99% വരെ), കേരളത്തിന്റെ മികച്ച പ്രതിരോധ പ്രവർത്തനങ്ങളിലൂടെ മരണനിരക്ക് 24 ശതമാനമായി കുറയ്ക്കാൻ സാധിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. പൊതുസ്ഥലങ്ങളിലെ വെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!