ഒരു നയം മാറ്റവും ഉണ്ടായിട്ടില്ല; സ്വകാര്യ മൂലധനം വേണം; വിജ്ഞാന സമ്പദ്‌വ്യവസ്ഥയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് എംവി ഗോവിന്ദന്‍





കണ്ണൂര്‍: വിദ്യാഭ്യാസ മേഖലയില്‍ സ്വകാര്യവത്കരണം പുതിയതല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍.

സ്വകാര്യ മൂലധനം എങ്ങനെ ഉപയോഗിക്കാമെന്നാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. എല്ലാവരുമായും ചര്‍ച്ച ചെയ്ത് ഇക്കാര്യത്തില്‍ നിലപാട് സ്വീകരിക്കുമെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു.

സ്വകാര്യമേഖലയില്‍ ഇപ്പോള്‍ തന്നെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉണ്ട്. അതിനെ കൂടുതല്‍ ശക്തിപ്പെടുത്ത കയാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. വിദ്യാഭ്യാസത്തെ അടിസ്ഥാനപ്പെടുത്തി ഒരു സമ്പദ് വ്യവസ്ഥയാണ് കാണുന്നത്. ദശലക്ഷക്കണക്കിന് വിദ്യാര്‍ഥികളെ ആധുനിക ശാസ്ത്രശാഖയുമായി ബന്ധപ്പെടുത്തി പുതിയ തരത്തിലുള്ള പഠനരീതി, കോഴ്‌സ് തുടങ്ങി എല്ലാ സാമൂഹ്യപ്രതിബദ്ധതയോടെ നിര്‍വഹിക്കാനും വിദ്യാഭ്യാസമേഖലയില്‍ എല്ലാവരുമായി ചര്‍ച്ച ചെയ്ത് ആവശ്യമായ മാറ്റം വരുത്തുമെന്നാണ് സര്‍ക്കാര്‍ ബജറ്റില്‍ അവതരിപ്പിച്ചതെന്ന് ഗോവിന്ദന്‍ പറഞ്ഞു. എസ്എഫ്‌ഐ ഉള്‍പ്പടെ എല്ലാവരുമായി ചര്‍ച്ച ചെയ്യും.

വിദ്യാഭ്യാസമേഖലയിലെ സ്വകാര്യമേഖലയെ ആസുത്രിതമായി എങ്ങനെ മുന്നോട്ടുപോകാമെന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ നിര്‍ദേശം. പ്രതിപക്ഷത്തിന്റെത് വിമര്‍ശനമല്ല. അത് നിഷേധാത്മകമാണ്. ഒരുതരത്തിലുമുള്ള വികസനം സംസ്ഥാനത്ത് പാടില്ലെന്നതാണ് അവരുടെ നിലപാടെന്നും ഗോവിന്ദന്‍ പറഞ്ഞു.

ഒരു നയം മാറ്റവും ഇക്കാര്യത്തില്‍ ഉണ്ടായിട്ടില്ല. സംസ്ഥാനത്തിന് മാത്രം മുഴുവന്‍ കാര്യങ്ങളും നിര്‍വഹിച്ച് ഒരു വിജ്ഞാന സമ്പദ് വ്യവസ്ഥ രൂപപ്പെടുത്താന്‍ കഴിയില്ല.

ഇന്ത്യ ഒരു മുതലാളിത്ത സമൂഹമാണ്. ആ സമൂഹത്തിന്റെ ഭാഗമായി നില്‍ക്കുന്ന സര്‍ക്കാരിനും ആ കാര്യം കൈകാര്യം ചെയ്യേണ്ടിവരും. ജനകീയ ചൈന പോലും ആ നിലപാടാണ് സ്വീകരിച്ചത്.

അടച്ചുകെട്ടിയിട്ടല്ല, എല്ലാവരുമായി ചര്‍ച്ച ചെയ്തതാണ് തീരുമാനമെടുക്കുക. കേന്ദ്രസര്‍ക്കാരിന്റെ തീരുമാനങ്ങള്‍ ചിലത് അംഗീകരിക്കേണ്ടിവരും. സാമൂഹ്യനിയന്ത്രണത്തെ അടിസ്ഥാനപ്പെടുത്തി എങ്ങനെ വിദ്യാഭ്യാസമേഖലയില്‍ സ്വകാര്യമൂലധനം ഉപയോഗിക്കാമെന്നാണ് കാണുന്നതെന്നും ഗോവിന്ദന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!