ഡോ. വന്ദനദാസ് കൊലക്കേസ്.. ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുമെന്ന് വന്ദനയുടെ പിതാവ്

കോട്ടയം: ഡോ. വന്ദനദാസ് കൊലക്കേസിൽ സി.ബി.ഐ അന്വേഷണം വേണ്ടെന്ന ഹൈക്കോടതി ഉത്തരവിനെതിരെ ഡിവിഷന്‍ ബഞ്ചില്‍ അപ്പീല്‍ നല്‍കുമെന്ന് വന്ദനയുടെ പിതാവ് മോഹന്‍ദാസ്.

കൃത്യമായ അന്വേഷണത്തിന് കേരളത്തിന് പുറത്തുള്ള ഏജൻസി വേണമെന്നായിരുന്നു ആഗ്രഹം. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകി. ഇതിൽ തീരുമാനം ആകാത്തത് കൊണ്ടാണ് ഹൈക്കോടതിയെ സമീപിച്ചത്. 20 തവണയാണ് ഹർജി മാറ്റിവച്ചത്. 6 ജഡ്ജിമാർ മാറി വന്നു. അതിനൊടുവിലാണ് സിബിഐ അന്വേഷണം വേണ്ടെന്ന വിധി വന്നത്. ഇതുവരെ സർക്കാരിനെതിരെ ഞങ്ങൾ ഒന്നും പറഞ്ഞിട്ടില്ല. കോടതിയിൽ അതി ശക്തമായാണ് സിബിഐ അന്വേഷണത്തെ സര്‍ക്കാര്‍ എതിർത്തത്. അത് എന്തിനെന്ന് മനസിലാകുന്നില്ലെന്നും മോഹന്‍ദാസ് പറഞ്ഞു.

നാലര മണിക്കൂറോളം മകൾക്ക് ചികിൽസ കിട്ടിയില്ല. സംഭവവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും വിശ്വാസ യോഗ്യമല്ല. സംഭവസ്ഥലത്ത് ഉണ്ടായിരുന്ന പൊലീസുകാർ അക്രമിയെ പിടിച്ചു മാറ്റാൻ പോലും തയാറായില്ല. ഒപ്പമുണ്ടായിരുന്ന എല്ലാവരും ഓടി മാറി .

മകൾ നിലവിളിച്ചിട്ടും ആരും രക്ഷിക്കാൻ വന്നില്ല. മകൾക്ക് പ്രാഥമിക ചികിൽസ പോലും നൽകിയില്ല. മുറിവുകളിലെ രക്തം പോലും തുടച്ചു മാറ്റിയില്ല.ഒരു ഡോക്ടർ പോലും ഒപ്പം ആംബുലൻസിൽ പോയില്ല. പൊലീസിനെ രക്ഷിക്കാൻ സർക്കാർ ശ്രമിക്കുന്നു എന്ന് ആരെങ്കിലും സംശയിച്ചാൽ തെറ്റു പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ആശുപത്രി സംരക്ഷണ നിയമം പാസാക്കാൻ ഐ.എം.എ മകളുടെ രക്തസാക്ഷിത്വം ഉപയോഗിച്ചു. ഒരു ഡോക്ടർ കൊല്ലപ്പെടുമെന്ന് ഐ.എം.എ നേതാക്കൾ പറഞ്ഞിരുന്നു. മെയ് 10 ന് മകൾ കൊല്ലപ്പെട്ടു. 17 ന് നിയമം പാസാക്കി. നേരിട്ടല്ലെങ്കിലും അവസരം കിട്ടിയപ്പോൾ അവരൊക്കെ അത് ഉപയോഗിച്ചെന്നും മോഹൻദാസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!