തൃശൂരില്‍ പ്രവാസിയെ സൽക്കാരത്തിന് വിളിച്ചു വരുത്തി സുഹൃത്ത് കൊലപ്പെടുത്തി

തൃശൂര്‍: ഗള്‍ഫില്‍നിന്നെത്തിയ സുഹൃത്തിനെ സല്‍ക്കാരത്തിന് വിളിച്ചുവരുത്തി അടിച്ചും കഴുത്ത് ഞെരിച്ചും കൊലപ്പെടുത്തി. വെങ്ങിണിശ്ശേരി തേറാട്ടില്‍ ജോര്‍ജിന്റെ മകന്‍ രാജു(52)ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തും അയല്‍വാസിയുമായ പുത്തൂര്‍ ഫ്രിന്റോയെ(42)ചേര്‍പ്പ് പോലിസ് അറസ്റ്റ് ചെയ്തു.

ദുബായില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്യുന്ന രാജു ഏപ്രില്‍ നാലിനാണ് നാട്ടിലെത്തിയത്. മടങ്ങിപ്പോകാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് മരണം. രാജുവിന്റെ വീടിന് പിന്നിലുള്ള ക്ലോക്ക് നിര്‍മ്മാണ യൂണിറ്റില്‍ വെച്ച് ബുധനാഴ്ച രാത്രി നടന്ന മദ്യസല്‍ക്കാര ത്തിനിടെയാണ് സംഭവം നടന്നത്. അഞ്ച് സുഹൃത്തുക്കളാണെത്തിയത്. നാലുപേര്‍ മടങ്ങിയതിനു പിന്നാലെ വ്യാഴാഴ്ച പുലര്‍ച്ചേയാണ് അടി ഉണ്ടായത്.

മദ്യലഹരിയില്‍ ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കം സംഘട്ടനത്തില്‍ കലാശിക്കുകയായിരുന്നു. ഫ്രിന്റോ രാജുവിനെ പട്ടികകൊണ്ട് അടിക്കുകയും കഴുത്ത് ഞെരിക്കുകയും ചെയ്തു. രാജു സംഭവസ്ഥലത്തുതന്നെ മരിച്ചു. നിലവിളി കേട്ട് ഓടിയെത്തിയവരാണ് പോലിസിനെ വിവരമറിയിച്ചത്.

പ്രതി പോലിസിന് നേരേ കൈയേറ്റത്തിന് ശ്രമിച്ചെങ്കിലും ഇന്‍സ്‌പെക്ടര്‍ കെ എന്‍ മനോജിന്റെ നേതൃത്വത്തിലുള്ള പോലിസ് കീഴടക്കി സ്റ്റേഷനില്‍ എത്തിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി. രാജുവിന്റെ ഭാര്യ: സിജി. മക്കള്‍: ഹേഭ, ഹെല്‍ന.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!