കുടക് : കര്‍ണാടകയിലെ കുടകില്‍ നിന്ന് കാണാതായ മലയാളി ശരണ്യയെ കണ്ടെത്തി. നാല് ദിവസത്തെ തിരച്ചിലിന് ഒടുവിലാണ് ശരണ്യയെ ഇന്ന് വൈകിട്ടോടെ കണ്ടെത്തിയത്. തടിയന്‍ഡമോള്‍ മലയുടെ താഴ്‌വാരത്തില്‍ നിന്ന് തന്നെയാണ് ശരണ്യയെ കണ്ടെത്തിയത്. ജില്ലാ പോലീസ് മേധാവിയടക്കം ക്യാമ്പ് ചെയ്യുന്ന സ്ഥലത്തേയ്ക്ക് ശരണ്യയെ എത്തിക്കും.
കുടകിലെ തടിയന്‍ഡമോള്‍ കൊടുമുടി കയറാനിറങ്ങിയതായിരുന്നു ശരണ്യ. ഏപ്രില്‍ രണ്ടാം തീയതി വ്യാഴാഴ്ചയാണ് ശരണ്യയെ കാണാതായത്. വ്യാഴാഴ്ച രാവിലെ വനംവകുപ്പില്‍ നിന്ന് അനുമതി വാങ്ങിയ ശേഷമായിരുന്നു ശരണ്യ ഉള്‍പ്പെട്ട സംഘം ട്രക്കിങ്ങിനായി പുറപ്പെട്ടത്. എന്നാല്‍ ഇതിനിടെ ശരണ്യയെ കാണാതാകുകയായിരുന്നു.
സാഹസികത ഏറെ ഇഷ്ടപ്പെടുന്ന ആളായിരുന്നു ശരണ്യ. ട്രക്കിങ്ങിനായായിരുന്നു ശരണ്യ കുടകില്‍ എത്തിയത്. കുടകിലെ ഒരു ഹോം സ്റ്റേയിലായിരുന്നു താമസിച്ചിരുന്നത്. ഒറ്റയ്ക്ക് ട്രക്കിങ്ങ് നടത്തായിരുന്നു ശരണ്യക്ക് താത്പര്യം. ഇക്കാര്യം ഹോം സ്റ്റേ അധികൃതരോട് സംസാരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അതിന് അനുമതിയില്ലാത്തതിനാല്‍ ഹോം സ്റ്റേയില്‍ ഉണ്ടായിരുന്ന മറ്റുള്ളവര്‍ക്കൊപ്പം ചേരുകയായിരുന്നു. ശരണ്യയ്ക്കൊപ്പം ഒന്‍പത് പേരായിരുന്നു യാത്ര പുറപ്പെട്ടത്.
