ഗൾഫ് രാജ്യങ്ങളെ വീണ്ടും ആക്രമിച്ച് ഇറാൻ; പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നു

ടെഹ്റാൻ: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നു. ഞായറാഴ്ച പുലർച്ചെയും ഗൾഫ് രാജ്യങ്ങൾ ലക്ഷ്യമാക്കി ഇറാൻ ആക്രമണം നടത്തി. പുലർച്ചെ ഏകദേശം 3.18ഓടെ ദുബായ് മറീനയും അൽ സുഫു മേഖലയിലും ശക്തമായ സ്ഫോടന ശബ്ദങ്ങൾ കേട്ടതായാണ് റിപ്പോർട്ടുകൾ. എന്നാൽ ആളപായമോ വലിയ നാശനഷ്ടങ്ങളോ ഉണ്ടായതായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് ശത്രു നീക്കങ്ങളെ ആകാശത്തുവച്ചുതന്നെ തടഞ്ഞതായി അധികൃതർ അറിയിച്ചു.


ഇറാന്റെ ഡ്രോൺ ആക്രമണത്തെ തുടർന്ന് അബുദാബിയിലെ റുവൈസ് ഇൻഡസ്ട്രിയൽ സോണിൽ തീപിടിത്തവും ഉണ്ടായതായി അബുദാബി മീഡിയ ഓഫീസ് അറിയിച്ചു. അഗ്‌നിശമന സേന സംഭവസ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി.

ഇതിനിടെ, ഇറാന്റെ പ്രധാന എണ്ണ ഉൽപാദന കേന്ദ്രമായ ഖാർഗ് ദ്വീപിൽ യുഎസ് രണ്ടാം ദിവസവും ആക്രമണം നടത്തിയതായി റിപ്പോർട്ടുണ്ട്. ആക്രമണത്തിൽ ദ്വീപിന്റെ വലിയ ഭാഗങ്ങൾ തകർന്നുവെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. ആവശ്യമെങ്കിൽ വീണ്ടും ആക്രമണം നടത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഇറാന്റെ കയറ്റുമതി എണ്ണയുടെ ഏകദേശം 90 ശതമാനവും ഖാർഗ് ദ്വീപിലെ സംസ്കരണ ശാലകളിലൂടെയാണ് പുറത്ത് പോകുന്നത്. ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്കെതിരെ ഇറാൻ ആക്രമണം തുടരുകയാണെങ്കിൽ ഖാർഗ് ദ്വീപിലെ മുഴുവൻ എണ്ണ സംസ്കരണവും വിതരണ സംവിധാനങ്ങളും നശിപ്പിക്കുമെന്ന് ട്രംപ് വ്യക്തമാക്കി.

അതേസമയം ഹോർമുസ് കടലിടുക്കിന് സമീപം ആക്രമണം ശക്തമാക്കുമെന്നും അമേരിക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ വഴി സഞ്ചരിക്കുന്ന കപ്പലുകളെ ലക്ഷ്യമിടുന്ന ഇറാനിയൻ ബോട്ടുകളെ പ്രതിരോധിക്കാനാണ് യുഎസ് സൈനിക നടപടി ശക്തമാക്കുന്നതെന്നാണ് വിശദീകരണം. ഇതിനിടയിൽ, യുഎസ് സൈനിക വിമാനങ്ങൾക്ക് തങ്ങളുടെ വ്യോമപാത ഉപയോഗിക്കാൻ അനുമതി നിഷേധിച്ചതായി സ്വിറ്റ്സർലൻഡ് സർക്കാർ അറിയിച്ചു. നിഷ്പക്ഷതാ നയം പാലിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം എന്നാണ് ഔദ്യോഗിക വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!