പാലക്കാട് : ബൈക്കും ലോറിയും കൂട്ടിയിടിച്ച് തെയ്ക്വാന്‍ഡോ താരത്തിന് ദാരുണാന്ത്യം. ബൈക്ക് യാത്രികനായ മുതലമട ചുള്ളിയാര്‍മേട് സ്വദേശി ഷിഹാഫ് ഷേക്ക് (25) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടോടെ പാലക്കാട് ഒലവക്കോട് ജങ്ഷനിലായിരുന്നു അപകടം.
പാലക്കാട് ജങ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് ബന്ധുവിനെ കൂട്ടിക്കൊണ്ടുപോകാന്‍ വരികയായിരുന്നു ഷിഹാഫ്. ലോറി താണാവ് ഭാഗത്തുനിന്ന് പാലക്കാട്ടേക്ക് പോവുകയായിരുന്നു. ഇതിനിടെ എതിര്‍ദിശയില്‍ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തില്‍ ബൈക്കില്‍നിന്ന് വീണ ഷിഹാഫിന്റെ തലയിലൂടെ ലോറി കയറിയിറങ്ങി. സംഭവസ്ഥലത്തുതന്നെ മരിച്ചു. സംസ്ഥാന തലത്തില്‍ തെയ്ക്വാന്‍ഡോ മത്സരത്തില്‍ ഷിഹാഫ് സ്വര്‍ണം നേടിയിരുന്നു. തുടര്‍ന്ന്, ദേശീയതലത്തിലും മത്സരിച്ചിരുന്നു. ഗവ. വിക്ടോറിയ കോളേജില്‍ മൂന്നാംവര്‍ഷ സൈക്കോളജി ബിരുദ വിദ്യാര്‍ഥിയായിരുന്നു.
പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലീസെത്തി മൃതദേഹം ജില്ലാ ആശുപത്രിയിലെത്തിച്ചു. പോസ്റ്റുേമാര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. പിതാവ്: ഷേക്ക് മുസ്തഫ. മാതാവ്: ജാസ്മിന്‍ഷേക്ക് (മുതലമട ഗ്രാമപ്പഞ്ചായത്ത് മുന്‍ പ്രസിഡന്റ്). സഹോദരങ്ങള്‍: ഷജിനഷേക്ക്, ഷഹനഷേക്ക്.
