പ്രഖ്യാപനം മുതൽ തന്നെ മലയാളികൾ കാത്തിരിക്കുന്ന ആഷിഖ് അബു ചിത്രമാണ് റൈഫിൾ ക്ലബ്. ചിത്രത്തിന്റെ റിലീസ് പോസ്റ്റർ ഇന്നലെ പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ വിജയരാഘവൻ്റെ ക്യാരക്ടർ പോസ്റ്റർ കൂടി പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. കുഴിവേലി ലോനപ്പൻ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ വിജയരാഘവനെത്തുന്നത്.
വാണി വിശ്വനാഥാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുക. ഇട്ടിയാനം എന്ന കഥാപാത്രമായാണ് വാണി ചിത്രത്തിലെത്തുന്നത്. പ്രശസ്ത ബോളിവുഡ് സംവിധായകനും അഭിനേതാവുമായ അനുരാഗ് കശ്യപും ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്. ദയാനന്ദ് ബാരെ എന്ന കഥാപാത്രത്തെയാണ് അനുരാഗ് കശ്യപ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മലയാളത്തിലെ അദ്ദേഹത്തിന്‍റെ അരങ്ങേറ്റ ചിത്രം കൂടിയാണ് ‘റൈഫിള്‍ ക്ലബ്’.
സുരേഷ് കൃഷ്ണ അവതരിപ്പിക്കുന്ന ഡോ ലാസർ, സുരഭി ലക്ഷ്മിയുടെ സൂസൻ, ദിലീഷ് പോത്തന്‍റെ സെക്രട്ടറി അവറാൻ, വിഷ്ണു അഗസ്ത്യയുടെ ഗോഡ്ജോ, വിനീത് കുമാറിന്‍റെ റൊമാന്‍റിക് സ്റ്റാർ, ഉണ്ണിമായയുടെ സൂസൻ എന്നീ കഥാപാത്രങ്ങളുടേയും ക്യാരക്ടർ പോസ്റ്ററുകളും ഇതിനകം പുറത്തിറങ്ങിയിട്ടുണ്ട്. ചിത്രത്തിലെ ആദ്യ ട്രാക്കായ ‘ഗന്ധർവ്വ ഗാനം’ അടുത്തിടെ സോഷ്യൽമീഡിയയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഡിസംബർ 19ന് ചിത്രം തിയറ്ററുകളിലെത്തും.