തിരുവനന്തപുരം : നിക്ഷേപക ഗ്യാരണ്ടിയും ഇൻഷുറൻസും ഉറപ്പുപറഞ്ഞ് സഹകരണ സംഘങ്ങളിൽ പണം നിക്ഷേപിക്കാൻ പ്രേരിപ്പിച്ച സർക്കാർ പതിനായിരക്കണക്കിന് നിക്ഷേപകരെ വഞ്ചിച്ചിരിക്കുന്ന സാഹചര്യത്തിൽ നിക്ഷേപം തിരിച്ചുകിട്ടും വരെ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് ഓൾ കേരള കോ-ഓപ്പറേറ്റീവ് ഡെപ്പോസിറ്റേഴ്സ് ഫോറം പ്രസിഡന്റ് പി.എ. തോമസ് .
തിരുവനന്തപുരം സഹകരണ രജിസ്ട്രാർ ഓഫീസിനു മുൻപിൽ നടത്തിയ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാലായിരത്തിലേറെ വരുന്ന സംഘങ്ങളിൽ നാനൂറിനു മേൽ സൊസൈറ്റികൾ സാമ്പത്തിക പ്രതിസന്ധിയിലും തകർച്ചയിലും ആണ് . ഭരണസമിതിയുടെ അഴിമതിയും ജീവനക്കാരുടെ അലംഭാവവും സഹകരണ രംഗത്തെ ഉദ്യോഗസ്ഥരുടെ കുറ്റവാളികളെ സഹായിക്കുന്ന നിലപാടുമാണ് സാമ്പത്തിക തട്ടിപ്പിന് പിന്നിൽ. കൃത്രിമ രേഖകളിലൂടെ പണം തട്ടിയെടുത്ത് നിക്ഷേപകരെ വഞ്ചിച്ച ഇത്തരക്കാരെ നിയമാനുസരണം ജയിലിൽ അടയ്ക്കാനും അവരുടെ സ്വത്തുക്കൾ കണ്ടുകെട്ടി നിക്ഷേപകർക്ക് നൽകാനും സർക്കാർ തയ്യാറാകണമെന്ന് പ്രൊഫസർ. രഘുദേവ് ആവശ്യപ്പെട്ടു.
അന്വേഷണം പ്രഖ്യാപിച്ചും ബഡ്സ് ആക്റ്റ് നടപ്പാക്കിയും സഹകരണ മേഖലയെ സംരക്ഷിക്കണമെന്ന് ഡോക്ടർ. ജോർജ് പി.ജി, ഹരിദാസൻ . എം.പി, വി. ഡി. പൗലോസ്, റോയ് വെള്ളരിങ്ങാട് എന്നിവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിയനാനൂറിനു മേൽ പ്രതിനിധികൾ പ്രകടനത്തിൽ പങ്കെടുത്തു . അസിസ്റ്റന്റ് രജിസ്ട്രാർ , രജിസ്ട്രാർ എന്നിവരെ നേരിൽകണ്ട് നിവേദനം കൊടുത്ത ശേഷമാണ് സമരം അവസാനിപ്പിച്ചത്.
