കൊളംബോ: ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരായ തോൽവിക്ക് പിന്നാലെ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ മുഹ്‌സിന്‍ നഖ്‌വി കടുത്ത വിമർശനമാണ് ഉയരുന്നത്. അനാവശ്യ വിവാദങ്ങൾക്ക് ടീമിനെ നഖ്‌വി എറിഞ്ഞു കൊടുത്തെന്നും ടീമിന് വേണ്ടത്ര ആത്മവിശ്വാസം ഉണ്ടായിരുന്നില്ലെന്നും മുതിർന്ന താരങ്ങൾ തന്നെ തുറന്നടിച്ചു. അതേസമയം പാകിസ്ഥാന്റെ പരാജയം മനസിലാക്കിയ നഖ്‌വി മത്സരം തീരും മുൻപേ സ്ഥലം വിട്ടെതെന്നാണ് റിപ്പോർട്ടുകൾ.
പാകിസ്ഥാൻ രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ ശേഷം മുൻനിര ബാറ്റർമാർ അതിവേഗം പുറത്തായിരുന്നു. ഇതോടെ തോൽവിയിലേക്ക് ടീം നീങ്ങുന്നു എന്ന് മനസിലാക്കിയതോടെയാണ് മുഹ്‌സിന്‍ നഖ്‌വി സ്റ്റേഡിയം വിട്ടത്. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നുണ്ട്. ടീമിന്റെ തോൽവിയ്ക്ക് ശേഷം മാധ്യമങ്ങളുടെ ചോദ്യം ഉണ്ടാകുമെന്ന് ഉറപ്പായത്തോടെയാണ് നഖ്‌വി സ്ഥലം വിട്ടതെന്നും സൂചനയുണ്ട്.
ഇന്ത്യക്കെതിരായ മത്സരത്തിൽ നിന്നും പിന്മാറുമെന്നുള്ള മുഹ്‌സിന്‍ നഖ്‌വിയുടെ പ്രഖ്യാപനവും പിന്നീട് ഐസിസിക്ക് വഴങ്ങി മത്സരം കളിക്കാമെന്ന് സമ്മതിച്ചതുമൊക്കെ ടീമിന്റെ ആത്മവിശ്വാസം തകർത്തെന്നാണ് പ്രധാന വിമർശനം.
മത്സരം കാണാൻ തുടക്കത്തിൽ തന്നെ സ്റ്റേഡിയത്തിൽ എത്തുകയും പാക് ഇന്നിങ്സ് തകർച്ചയിലേക്ക് നീങ്ങിയപ്പോൾ അവിടെ നിന്ന് രക്ഷപ്പെടുകയും ചെയ്ത മുഹ്‌സിന്‍ നഖ്‌വിക്കെതിരെ വലിയ വിമർശനമാണ് ഉയരുന്നത്. പിസിബി ചെയര്‍മാന്‍ മൊഹ്സിന്‍ നഖ്വിയെ ‘കഴിവില്ലാത്തവനും ‘അജ്ഞനും’ എന്നുമാണ് മുൻ പാക് ക്രിക്കറ്റർ ഷൊയ്ബ് അക്തര്‍ വിമർശിച്ചത്.
