അജിത് പവാർ: മഹാരാഷ്ട്ര രാഷ്ട്രീയത്തെ നാല് പതിറ്റാണ്ട് നിയന്ത്രിച്ച ശക്തനായ നേതാവ്


1982-ൽ പൂനൈ ജില്ലയിലെ പഞ്ചസാര ഫാക്ടറി സഹകരണ ബോർഡ് അംഗമായാണ് അജിത് പവ്വാറിൻ്റെ പൊതുരംഗ പ്രവേശനം.

1991 മുതൽ 2007 വരെ പൂനൈ ജില്ല സഹകരണ ബാങ്ക് ചെയർമാനായിരുന്നു. 1991-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ബരാമതിയിൽ നിന്ന് പാർലമെൻ്റ് അംഗമായെങ്കിലും ശരദ് പവാറിന് മത്സരിക്കാനായി ലോക്സഭാംഗത്വം രാജിവച്ചു.

1991-ലെ മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പിൽ ബരാമതിയിൽ നിന്ന് ആദ്യമായി നിയമസഭാംഗമായ അജിത് പിന്നീട് നടന്ന എല്ലാ നിയമസഭ തിരഞ്ഞെടുപ്പുകളിലും ബരാമതിയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. 1991-ലെ സുധാകരറാവു നായിക് മന്ത്രിസഭയിൽ ആദ്യമായി സംസ്ഥാന കൃഷി വകുപ്പ് മന്ത്രിയായ അജിത് പിന്നീട് അഞ്ച് തവണ കൂടി കാബിനറ്റ് വകുപ്പിൻ്റെ മന്ത്രിയായി.

2010-ലെ അശോക് ചവാൻ മന്ത്രിസഭയിൽ ആദ്യമായി ഉപ-മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് പ്രിഥിരാജ് ചവാൻ, ദേവേന്ദ്ര ഫഡ്നാവീസ്, ഉദ്ധവ് താക്കറെ, ഏകനാഥ് ഷിൻഡേ മന്ത്രിസഭകളിൽ വീണ്ടും ഉപ-മുഖ്യമന്ത്രിയായി.

2019-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ എൻ.സി.പി ശക്തികേന്ദ്രമായ മാവലിൽ നിന്ന് മത്സരിച്ച മകൻ പാർത്ഥ് പവാർ ശിവസേന സ്ഥാനാർത്ഥിയോട് പരാജയപ്പെട്ടതോടെ അജിത് പവാർ ശരദ് പവാറുമായി അകൽച്ചയിലായി.

2019-ൽ (ശിവസേന + എൻ.സി.പി + കോൺഗ്രസ്) സഖ്യം രൂപീകരിച്ച മഹാവികാസ് അഘാഡി സർക്കാരിൽ ഉപ-മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും 2022-ൽ മുഖ്യമന്ത്രിയായിരുന്ന ഉദ്ധവ് താക്കറെ സ്ഥാനം രാജിവച്ചതോടെ 2022-ൽ നിയമസഭയിലെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ടു.

2023 മെയിൽ എൻ.സി.പി ദേശീയ അധ്യക്ഷ സ്ഥാനം ശരദ് പവാർ രാജിവച്ചതോടെ വർക്കിംഗ് പ്രസിഡൻറുമാരായി ശരദ് പവാറിൻ്റെ മകൾ സുപ്രിയ സുലെയും പ്രഫുൽ പട്ടേലും തിരഞ്ഞെടുക്കപ്പെട്ടു.

പാർട്ടിയിൽ പദവികൾ ഒന്നും ലഭിക്കാതെ നിരാശനായിരുന്ന അജിത് പ്രതിപക്ഷ നേതാവായി തുടരാൻ താത്പര്യം ഇല്ലെന്നും പാർട്ടി നേതൃ പദവി വേണമെന്നും ശരദ് പവാറിനോട് ആവശ്യപ്പെട്ടെങ്കിലും ശരദ് പവാർ വഴങ്ങിയില്ല.

2023 ജൂലൈ 2ന് എൻ.സി.പി പിളർത്തി അജിത് പവാർ ഏകനാഥ് ഷിൻഡെ നയിക്കുന്ന ശിവസേന – ബി.ജെ.പി സർക്കാരിൽ ഉപ-മുഖ്യമന്ത്രിയായി ചേർന്നു. നാലു വർഷത്തിനുള്ളിൽ ഇത് മൂന്നാം തവണയാണ് അജിത് ഉപ-മുഖ്യമന്ത്രിയാവുന്നത്. ശരദ്പവാറിൻ്റെ വിശ്വസ്തരായ മുതിർന്ന നേതാക്കളായ ഛഗൻ ഭുജ്ബൽ, പ്രഫുൽ പട്ടേൽ, ദിലീപ് വൽസ പാട്ടീൽ എന്നിവരുടെ പിന്തുണയും അജിത്തിന് ലഭിച്ചു.

ജൂലൈ രണ്ടാം തീയതി എൻ.സി.പിയിലെ 53 എം.എൽ.എമാരിൽ 29 പേരുമായി രാജ്ഭവനിലെത്തിയാണ് അജിത് അട്ടിമറിനീക്കം നടത്തിയത്‌. 2024-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരെയുള്ള പ്രതിപക്ഷ ഐക്യത്തിന് ശരദ് പവാർ നേതൃത്വം നൽകുന്നതിനിടെയാണ് എൻ.സി.പിയിലെ പിളർപ്പ്.

ഛഗൻ ഭുജ്ബൽ അടക്കം എട്ടുപേർ മന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു. അജിത് പവാറിന് പുറമെ എൻ.സി.പിയിലെ മുതിർന്ന നേതാക്കളായ ഛഗൻ ഭുജ്പൽ, ദിലീപ് വൽസെ പാട്ടീൽ, ഹസൻ മുഷ്റിഫ്, ധനഞ്ജയ മുണ്ടെ, അദിതി തത്കരെ, ധർമ്മറാവു അത്രം, അനിൽ പാട്ടീൽ, സഞ്ജയ് ബൻസോഡെ എന്നിവരാണ് മന്ത്രിമാരായത്.

അജിത് പവാറിൻ്റെ മാറ്റത്തോടെ 288 അംഗ നിയമസഭയിൽ ഏകനാഥ് ഷിൻഡെ സർക്കാരിന് 204 അംഗങ്ങളുടെ പിന്തുണയായി. 2022 ജൂൺ 30നാണ് ശിവസേന നേതാവ് ഏകനാഥ് ഷിൻഡേ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് ഉപ-മുഖ്യമന്ത്രിയുമായി മഹാരാഷ്ട്രയിലെ എൻ.ഡി.എ സർക്കാർ അധികാരത്തിലേറിയത്.

നിയമസഭയിലെ അയോഗ്യത ഒഴിവാക്കുന്നതിനായി എൻ.സി.പിയുടെ ആകെയുള്ള 53 എം.എൽ.എമാരിൽ 40 പേരുടെ പിന്തുണ അജിത് പവാർ ഉറപ്പിച്ചു.

2024 ഫെബ്രുവരി 6ന് അജിത് പവാർ നേതൃത്വം നൽകുന്ന വിഭാഗത്തെ തിരഞ്ഞെടുപ്പ് കമ്മീഷൻ ഔദ്യോഗിക വിഭാഗമായി അംഗീകരിച്ചു. ഇത് പ്രകാരം നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി അഥവാ എൻ.സി.പി എന്ന പേരും പാർട്ടി ചിഹ്നമായ ക്ലോക്കും അജിത് പവാറിന് ഉപയോഗിക്കാം. മഹാരാഷ്ട്രയിലെ എൻ.സി.പിയിൽ ആകെയുള്ള 87 ജനപ്രതിനിധികളിൽ 57 പേരും നിലവിൽ അജിത് പവാറിനൊപ്പമാണ്. ആറ് മാസം നീണ്ട് നിന്ന ഹിയറിംഗിന് ശേഷമാണ് കമ്മീഷൻ്റെ തീരുമാനം വന്നത്.

2024-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപി നയിച്ച മഹായുതി സഖ്യത്തിൽ നിന്ന് 59 ഇടങ്ങളിൽ മത്സരിച്ച അജിത് പവാറിൻ്റെ പാർട്ടിയായ എൻ.സി.പി 41 സീറ്റുകളിൽ വിജയിച്ചു.

132 സീറ്റ് നേടിയ ബിജെപി, 57 സീറ്റുകളിൽ വിജയിച്ച ഏകനാഥ് ഷിൻഡെ വിഭാഗം നയിച്ച ഔദ്യോഗിക പാർട്ടിയായ ശിവസേന എന്നിവർക്കൊപ്പം സംസ്ഥാന രാഷ്ട്രീയത്തിലെയും മഹാരാഷ്ട്ര നിയമസഭയിലേയും മൂന്നാമത്തെ വലിയ പാർട്ടിയായി അജിത് പവാർ നയിച്ച എൻസിപി മാറി.

2024-ലെ നിയമസഭ തിരഞ്ഞെടുപ്പിലെ ചരിത്ര വിജയത്തോടെ 288 അംഗ മഹാരാഷ്ട്ര നിയമസഭയിൽ 234 അംഗങ്ങളുടെ പിന്തുണയോടെ (ബിജെപി + ശിവസേന + എൻസിപി) കൂട്ടായ്മയായ മഹായുതി എന്നറിയപ്പെടുന്ന എൻ.ഡി.എ സഖ്യം മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടി മഹാരാഷ്ട്രയിൽ അധികാരം നില നിർത്തി.
ഇലക്ഷൻ പ്രചരണവുമായി ബന്ധപ്പെട്ട യാത്രക്ക് ഇടെയാണ് ഇന്ന് രാവിലെ ദാരുണാന്ത്യം സംഭവിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!