ധാക്ക: ടി20 ലോകകപ്പ് മത്സരങ്ങളുടെ വേദിമാറ്റണമെന്ന ആവശ്യം ഐസിസി തള്ളിയതോടെ വെട്ടിലായിരിക്കുകയാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്. മത്സരങ്ങളിൽ പങ്കെടുക്കുന്നത് സംബന്ധിച്ചുള്ള തീരുമാനം 24 മണിക്കൂറിനുള്ളിൽ അറിയിക്കണമെന്ന് ഐ സി സി ബംഗ്ലാദേശിന് അന്ത്യശാസനം നൽകിയിട്ടുണ്ട്.
ഈ സാഹചര്യത്തിൽ വിഷയം ചർച്ച ചെയ്യാൻ ബംഗ്ലാദേശ് സർക്കാരിന്റെ കായിക ഉപദേശകനും ദേശീയ ടീമിലെ അംഗങ്ങളും തമ്മിൽ നിർണ്ണായക യോഗം ചേരും.
ബംഗ്ലാദേശ് സർക്കാരിന്റെ കായിക ഉപദേശകൻ അസിഫ് നസ്രുലാണ് ഉച്ചയ്ക്ക് ശേഷം സ്വാകാര്യ ഹോട്ടലിൽ വെച്ച് താരങ്ങളുമായി ചർച്ച നടത്തുന്നത്. ഇന്ത്യയും ശ്രീലങ്കയും ചേർന്ന് ആതിഥേയത്വം വഹിക്കുന്ന ടി20 ലോകകപ്പിൽ ടീമിന്റെ പങ്കാളിത്തം സംബന്ധിച്ച സർക്കാരിന്റെ നിലപാട് താരങ്ങളെ അറിയിക്കാനാണ് യോഗമെന്നാണ് വിശദീകരണം.
മുൻപ്, ലോകകപ്പിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വം ഉയർന്നപ്പോൾ താരങ്ങളുമായി ചർച്ച നടത്തിയില്ലെന്ന ആരോപണവുമായി ബംഗ്ലാദേശ് ടി20 ക്യാപ്റ്റൻ ലിറ്റൺ ദാസ് തുറന്നടിച്ചിരുന്നു. യോഗത്തിൽ പങ്കെടുക്കാൻ എല്ലാ താരങ്ങൾക്കും അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.
ലോകകപ്പിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് താരങ്ങൾക്ക് പറയാനുള്ളത് കേൾക്കാനും നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ സ്വീകരിക്കാവുന്ന നടപടികളെക്കുറിച്ചും മീറ്റിംഗിൽ ചർച്ചയാകുമെന്നാണ് റിപ്പോർട്ടുകൾ.
