ഇന്ത്യൻ നഗരങ്ങളിലൂടെ കുതിച്ചുപായാൻ ഇനി വന്ദേ മെട്രോ;130 കി.മീ വേഗത,മാർച്ചിലെത്തും

ന്യൂഡൽഹി: ഇന്റർസിറ്റി യാത്രകൾക്കായി വന്ദേ മെട്രോ ട്രെയിനുകൾ അവതരിപ്പിക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ. ഹ്രസ്വദൂര റൂട്ടുകളെ ബന്ധിപ്പിക്കുക എന്ന ലക്ഷ്യവുമായാണ് വന്ദേ മെട്രോയെ അവതരിപ്പിക്കുന്നത്.

ഈ വർഷം മാർച്ചിൽ ആദ്യ വന്ദേ മെട്രോ ട്രെയിൻ പുറത്തിറങ്ങും.
പെരമ്പൂർ ഇന്റഗ്രൽ കോച്ച് ഫാക്ടറി(ഐ.സി.എഫ്.)യിൽ കോച്ചുനിർമാണം പൂർത്തിയായി. സ്വകാര്യകമ്പനികളുടെ സഹായത്തോടെ കോച്ചുകളിൽ വിവിധ സൗകര്യങ്ങൾ ഒരുക്കുകയാണ്. 12 എൽ.എച്ച്.ബി. കോച്ചുകളാണ് ഉണ്ടാകുക. റിപ്പബ്ലിക് ദിനത്തിൽ ജീവനക്കാരെ അഭിസംബോധന ചെയ്ത് സംസാരിക്കവെ ഐസിഎഫ് ജനറൽ മാനേജർ ബി ജി മല്യയാണ് വന്ദേ മെട്രോ ഉടൻ യാഥാർഥ്യമാകുമെന്ന് പറഞ്ഞത്.

ഒരു തീവണ്ടിയിൽ 1248 പേർക്ക് ഇരുന്നും 2210 പേർക്ക് നിന്നും യാത്രചെയ്യാം. ഹ്രസ്വദൂര എക്‌സ്പ്രസ് വണ്ടികൾക്ക് പകരമായാണ് വന്ദേ മെട്രോ. നിലവിലുള്ള സ്റ്റോപ്പുകൾ നിലനിർത്തും. വന്ദേ മെട്രോയിൽ ഈടാക്കേണ്ട നിരക്ക് റെയിൽവേയുടെ വാണിജ്യവിഭാഗം തീരുമാനിക്കും.

ആദ്യ വന്ദേ മെട്രോ മാർച്ചിലിറക്കും. തുടർന്നുള്ള മാസങ്ങളിൽ കൂടുതൽ വണ്ടികൾ സർവീസ് നടത്തും. ആധുനികസൗകര്യങ്ങളോടെ ഒരുക്കുന്ന കോച്ചിൽ ശുചീകരണത്തിന് ജീവനക്കാരുണ്ടാകും. വന്ദേഭാരത് വണ്ടിയിൽ ഉപയോഗിക്കുന്ന കോച്ചുകൾക്ക് പകരം വന്ദേ മെട്രോ വണ്ടിയിൽ എൽ.എച്ച്.ബി. കോച്ചുകളായിരിക്കും. വന്ദേഭാരത് കോച്ചുകളിലേതുപോലെ മോട്ടോർകോച്ചുകളുടെ സഹായത്തോടെയായിരിക്കും വണ്ടി സഞ്ചരിക്കുക. ആറു കോച്ചുകളിൽ മോട്ടോർ ഘടിപ്പിച്ചിരിക്കും. വന്ദേ ഭാരത് ട്രെയിനുകളിലേതിന് സമാനമായ സൗകര്യങ്ങളുമായാകും വന്ദേ മെട്രോയും ട്രാക്കിലിറങ്ങുക. പൂർണമായും ശീതികരിച്ച കോച്ചുകളോട് കൂടിയ ട്രെയിനിൽ ഓട്ടോമേറ്റഡ് വാതിലുകളുമുണ്ടാകും.

കഴിഞ്ഞവർഷം റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് വന്ദേ മെട്രോ പദ്ധതി പ്രഖ്യാപിച്ചിരുന്നത്. 300 കിലോമീറ്റർ ദൂരം വരെ യാത്ര ചെയ്യാൻ കഴിയുന്ന വിധത്തിലാണ് വന്ദേ മെട്രോ ട്രെയിനുകൾ രൂപകൽപ്പന ചെയ്യുന്നത്. 250 മുതൽ 300 കിലോമീറ്റർ വരെ ദൂരപരിധിയുള്ള റൂട്ടിലാകും ട്രെയിൻ സർവീസ് നടത്തുക.

വന്ദേ മെട്രോ സർവീസുകൾക്കായി കേരളത്തിൽനിന്ന് 10 റൂട്ടുകൾ പരിഗണനയിലെന്നും റിപ്പോർട്ടുകളുണ്ട്.. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിൽ നിന്ന് അഞ്ച് വീതം റൂട്ടുകളാണ് പരിഗണിക്കുന്നത് എന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!