മാലി : മാലിദ്വീപ് പാര്‍ലമെന്റില്‍ ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ കൂട്ട അടി. പാര്‍ലമെന്റ് പരിസരത്ത് നിലവിലെ പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ മന്ത്രിസഭയെ തീരുമാനിക്കാനുള്ള നിര്‍ണായക വോട്ടെടുപ്പ് നടക്കുന്നതിന് മുന്നോടിയായാണ് ബഹളം.
പ്രോഗ്രസീവ് പാര്‍ട്ടി ഓഫ് മാലിദ്വീപിന്റെയും (പിപിഎം) പീപ്പിള്‍സ് നാഷണല്‍ കോണ്‍ഗ്രസിന്റെയും (പിഎന്‍സി) ഭരണകക്ഷി എംപിമാര്‍ പ്രതിപക്ഷ എംപിമാരെ പാര്‍ലമെന്ററി ചേംബറില്‍ പ്രവേശിക്കുന്നത് തടഞ്ഞതിനെ തുടര്‍ന്നാണ് ബഹളം തുടങ്ങിയത്.
കയ്യാങ്കളിയില്‍ ഒരു എംപിയ്ക്ക് പരിക്ക് പറ്റി.
മുയിസുവിന്റെ മന്ത്രിസഭയിലെ നാല് അംഗങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നതുമായി ബന്ധപ്പെട്ട് നടന്ന വോട്ടടുപ്പിനിടെയാണ് സംഘര്‍ഷം.
സംഘര്‍ഷം നടക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. പാര്‍ലമെന്റില്‍ ഗണ്യമായ ഭൂരിപക്ഷമുള്ള മാലിദ്വീപ് ഡെമോക്രാറ്റിക് പാര്‍ട്ടിയും (എംഡിപി) ഡെമോക്രാറ്റുകളും പ്രത്യേക ക്യാബിനറ്റ് അംഗങ്ങള്‍ക്കുള്ള അംഗീകാരം തടയാന്‍ കൂട്ടായി തീരുമാനിച്ചു.
എന്നാല്‍ പ്രതിപക്ഷ എംപിമാര്‍ പാര്‍ലമെന്റില്‍ പ്രവേശിക്കുന്നത് ഭരണകക്ഷി എംപിമാര്‍ തടയുകയായിരുന്നു. സ്പീക്കറുടെ ചേംബറില്‍ കയറി വോട്ടിംഗ് കാര്‍ഡുകളും ഭരണകക്ഷി എംപിമാര്‍ എടുത്തുകൊണ്ട് പോയി. ഇതേത്തുടര്‍ന്നാണ് സംഘര്‍ഷം ഉടലെടുത്തത്.
മാലിദ്വീപ് പാര്‍ലമെന്റില്‍ കൂട്ട അടി: ഭരണ പ്രതിപക്ഷ അംഗങ്ങള്‍ ഏറ്റുമുട്ടി
