ന്യൂഡല്‍ഹി: രാജ്യം പത്മ പുരസ്കാരങ്ങള്‍ നല്‍കി ആദരിച്ച വിശിഷ്ട വ്യക്തികള്‍ക്ക് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിവിധ മേഖലകളിലുള്ള അവരുടെ സംഭാവനകളെ ഇന്ത്യ വിലമതിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
‘പത്മ പുരസ്കാരങ്ങള്‍ക്ക് അര്‍ഹരായ എല്ലാവർക്കും അഭിനന്ദനങ്ങൾ. വിവിധ മേഖലകളിലുള്ള അവരുടെ സംഭാവനകളെ ഇന്ത്യ വിലമതിക്കുന്നു. അവരുടെ അസാധാരണമായ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ഇനിയും അവര്‍ക്ക് രാജ്യത്തെ ജനങ്ങൾക്ക് പ്രചോദനം നല്‍കാന്‍ കഴിയട്ടെ’- പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
ആഭ്യന്തര മന്ത്രി അമിത് ഷാ യും പത്മ ജേതാക്കള്‍ക്ക് ആശംസകള്‍ അറിയിച്ചു. ഈ വ്യക്തിത്വങ്ങള്‍ ജനങ്ങൾക്ക് മികച്ച ഉദാഹരണം ആവുക മാത്രമല്ല, അവരുടെ സേവനങ്ങള്‍ കൊണ്ട് രാജ്യത്തിന്റെ അഭിമാനം ഉയർത്തി പിടിച്ചിരിക്കുന്നു എന്നും അമിത് ഷാ പറഞ്ഞു.
മുൻ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു, നർത്തകിയും നടിയുമായ വൈജയന്തിമാല ബാലി, നർത്തകി പത്മ സുബ്രഹ്മണ്യം, തെലുങ്ക് നടൻ ചിരഞ്ജീവി, സാമൂഹിക പ്രവർത്തകൻ അന്തരിച്ച ബിന്ദേശ്വർ പാഠക് എന്നിവർക്കു പത്മവിഭൂഷൺ ബഹുമതി. മലയാളികളായ സുപ്രീം കോടതി മുൻ ജഡ്ജി എം.ഫാത്തിമാ ബീവി (മരണാനന്തരം), ബിജെപി നേതാവ് ഒ.രാജഗോപാൽ, ഗായിക ഉഷാ ഉതുപ്പ് എന്നിവരടക്കം 17 പേര്‍ക്കാണ് പത്മഭൂഷൺ. അശ്വതി തിരുനാൾ ഗൗരി ലക്ഷ്മീബായി (സാഹിത്യം, വിദ്യാഭ്യാസം), കഥകളി ആചാര്യൻ സദനം ബാലകൃഷ്ണൻ, തെയ്യം കലാകാരൻ ഇ.പി നാരായണൻ, കാസർകോട്ടെ പരമ്പരാഗത നെൽക്കർഷകൻ സത്യനാരായണ ബെലരി, പി ചിത്രൻ നമ്പൂതിരിപ്പാട് (സാഹിത്യം, മരണാനന്തരം), മുനി നാരായണ പ്രസാദ് (സാഹിത്യം) എന്നീ മലയാളികളടക്കം 110 പേർക്ക് പത്മശ്രീ.
അന്തരിച്ച തമിഴ് നടൻ വിജയകാന്ത്, ബോളിവുഡ് നടൻ മിഥുൻ ചക്രവർത്തി, മഹാരാഷ്ട്രയിലെ മാധ്യമപ്രവർത്തകരായ ഹോർമുസ്ജി എൻ.കാമ, കുന്ദൻ വ്യാസ്, തയ്‌വാൻ കമ്പനി ഫോക്സ്കോൺ സിഇഒ യങ് ലിയു എന്നിവരും പത്മഭൂഷൺ പട്ടികയിലുണ്ട്.
കായികതാരങ്ങളായ രോഹൻ ബൊപ്പണ്ണ (ടെന്നിസ്), ജോഷ്ന ചിന്നപ്പ (സ്ക്വാഷ്), തമിഴ് സാഹിത്യകാരൻ ജോ ഡിക്രൂസ്, ഇന്ത്യയിലെ ആദ്യ വനിതാ പാപ്പാൻ അസമിലെ പാർബതി ബറുവ എന്നിവരും പത്മശ്രീ പുരസ്കാരത്തിന് അര്‍ഹരായി.
‘ഇന്ത്യ അവരുടെ സംഭാവനകളെ വിലമതിക്കുന്നു’; പത്മ പുരസ്‌കാര ജേതാക്കളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
