ഇസ്ലാമബാദ്: കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങള്‍ക്കിടെ പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ ജയിലിലെത്തി കണ്ട് സഹോദരി. ഉസ്മ ഖാന്‍. റാവല്‍പിണ്ടിയിലെ ആദിയാല ജയിലിലെത്തിയാണ് ഇമ്രാനെ കണ്ടത്. സഹോദരനുമായി ഇരുപത് മിനിറ്റ് നേരം കൂടിക്കാഴ്ച നടത്തിയ ഇമ്രാന് ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നും എന്നാല്‍ മാനസികമായി സമ്മര്‍ദ്ദത്തിലാക്കാന്‍ ജയില്‍ അധികൃതര്‍ ശ്രമിക്കുകയാണെന്നും പറഞ്ഞു.
നൂറുകണക്കിന് പിടിഐ പ്രവര്‍ത്തകര്‍ക്കൊപ്പം ജയിലിന് മുന്നിലെത്തിയ ഉസ്മയെ മണിക്കൂറുകള്‍ കാത്തു നിന്ന ശേഷമാണ് അകത്തു കടക്കാന്‍ അനുവദിച്ചത്. എകാന്തതടവിലാണ് ഇമ്രാന്‍ ഉള്ളതെന്നും ഇത്തരിനേരം മാത്രമാണ് അദ്ദേഹത്തെ പുറത്തുവിടാറുള്ളുവെന്നും ആരുമായും സംസാരിക്കാന്‍ അനുവാദമില്ലെന്നും ഉസ്മ പറഞ്ഞു. ഇമ്രാന്‍ ഖാനെ തടവിലിട്ടതിനും അദ്ദേഹത്തിന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്കും പിന്നില്‍ ജനറല്‍ ആസിം മുനീര്‍ ആണെന്നും സഹോദരന്‍ പറഞ്ഞതായി ഉസ്മ പറഞ്ഞു.
ഒക്ടോബര്‍ 27ന് ശേഷം ആദ്യമായാണ് ഇമ്രാനെ കാണാന്‍ കുടുംബാംഗത്തെ അനുവദിക്കുന്നത്. ആഴ്ചകളായി കുടുംബാംഗങ്ങള്‍ക്ക് സന്ദര്‍ശനാനുമതി നിഷേധിച്ചതോടെ , ഇമ്രാന്‍ മരിച്ചെന്ന അഭ്യൂഹം ഉയര്‍ന്നിരുന്നു. പ്രതിഷേധത്തിനിടെ റാവല്‍പിണ്ടിയില്‍ സര്‍ക്കാര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. പൊതുചടങ്ങുകളും, റാലികളും, കൂടിച്ചേരലുകളും നിരോധിച്ചു. ഇമ്രാന്‍ഖാന്റെ പാര്‍ട്ടിയായ പാകിസ്ഥാന്‍ തെഹ്രികെ ഇന്‍സാഫ് (പിടിഐ) പാര്‍ട്ടിയുടെ പ്രതിഷേധം കണക്കിലെടുത്താണു തീരുമാനം. ഇമ്രാന്‍ഖാനെ ജയിലില്‍ കാണാന്‍ അനുവദിക്കണമെന്നും നിലവിലെ ആരോഗ്യാവസ്ഥ വെളിപ്പെടുത്തണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു.
ഇമ്രാന്‍ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടെന്നും മൃതദേഹം മാറ്റിയെന്നും അഫ്ഗാനിസ്ഥാനിലെയും ബലൂചിസ്ഥാനിലെയും ചില സമൂഹമാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിനെ തുടര്‍ന്ന് പാകിസ്ഥാനില്‍ വലിയ പ്രതിഷേധമാണ് നടക്കുന്നത്. സര്‍ക്കാരിന് എന്തൊക്കെയോ മറച്ചു വയ്ക്കാനുള്ളതിനാലാണ് ആരെയും കാണാന്‍ അനുവദിക്കാത്തതെന്നാണ് തെഹ്രികെ ഇന്‍സാഫ് നേതാക്കള്‍ പറഞ്ഞിരുന്നു.
ഇമ്രാനെ കാണാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ആദിയാല ജയിലിനുപുറത്ത് കാത്തുനിന്ന സഹോദരിമാരായ അലീമ ഖാന്‍, ഡോ. ഉസ്മ ഖാന്‍, നോറീന്‍ നിയാസി എന്നിവരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കുകയും മര്‍ദിക്കുകയും ചെയ്തതിരുന്നു. ഇതോടെ, ഇമ്രാന്‍ മരിച്ചതായ അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടി. പ്രശസ്ത ക്രിക്കറ്റ് താരമായിരുന്ന ഇമ്രാന്റെ നേതൃത്വത്തിലാണ് പാകിസ്ഥാന്‍ ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടിയത്.
