തിരുവനന്തപുരം : യുവതിയെ ഗർഭഛിദ്രത്തിന് നിർബന്ധിക്കുന്നതായുള്ള ഫോൺ സംഭാഷണം പുറത്തുവന്ന സംഭവത്തിൽ യൂത്ത് കോൺഗ്രസ് നേതാവായിരുന്ന രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. ഈ വിഷയത്തിൽ നടപടി സ്വീകരിക്കേണ്ടത് സർക്കാരാണെന്നും, സർക്കാർ വിശദമായ പരിശോധന നടത്തി നടപടിയെടുത്താൽ പാർട്ടിയും കൂടുതൽ കടുത്ത നടപടിയിലേക്ക് നീങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.
“രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ സർക്കാർ പരിശോധിച്ച് നടപടിയെടുക്കണം. ശബ്ദരേഖയല്ല, വ്യക്തമായ നടപടിയാണ് ഉണ്ടാകേണ്ടത്. പോലീസിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടായാൽ മാത്രമേ പുറത്താക്കലിനെക്കുറിച്ച് പാർട്ടിക്ക് ചിന്തിക്കാനാകൂ,” കെ. മുരളീധരൻ പറഞ്ഞു. “ഇപ്പോൾ പാർട്ടിയിൽ ഔദ്യോഗികമായി സ്ഥാനമില്ലാത്ത ഒരാൾക്കെതിരെ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലുള്ള നടപടി സർക്കാരിന്റെ ഭാഗത്തുനിന്നാണ് ഉണ്ടാകേണ്ടത്. യഥാർത്ഥ വസ്തുതകൾ മനസിലാക്കി നടപടികളിലേക്ക് പോകേണ്ടത് പോലീസ് ആണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.
രാഹുലിനെ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും, പാർട്ടി സ്ഥാനാർത്ഥികൾക്ക് വേണ്ടി ആർക്കും പ്രചാരണം നടത്താമെന്നും എന്നാൽ കോൺഗ്രസിന്റെ ഔദ്യോഗിക വേദിയിൽ രാഹുൽ പങ്കെടുത്തിട്ടില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. രാഹുൽ പൊതുവേദികളിൽ സജീവമാകുന്നതുമായി ബന്ധപ്പെട്ട് പരാതി ഉയർന്നാൽ പാർട്ടി പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു.
യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകാനൊരുങ്ങുന്നു
രാഹുൽ മാങ്കൂട്ടത്തിൽ ഒരു യുവതിയെ ഗർഭഛിദ്രത്തിന് നിർബന്ധിക്കുന്നതും മോശമായി സംസാരിക്കുന്നതുമായ ശബ്ദരേഖയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. ‘നമുക്ക് കുഞ്ഞ് വേണം’, ‘എനിക്ക് നിന്നെ ഗർഭിണിയാക്കണം’ എന്ന് വാട്‌സ്ആപ്പിലൂടെ രാഹുൽ ആവശ്യപ്പെടുന്നതിന്റെ തെളിവുകൾ പുറത്തുവന്നിരുന്നു. ലൈംഗിക ആരോപണത്തിൽ നടപടി നേരിട്ട് യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചതിന് പിന്നാലെയാണ് രാഹുലിന് തിരിച്ചടിയായി പുതിയ ശബ്ദരേഖ പുറത്തുവന്നത്.
ഗർഭധാരണത്തിന് ശേഷം താൻ നേരിടുന്ന ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾ പങ്കുവെക്കുന്ന യുവതിയെ രാഹുൽ അധിക്ഷേപിക്കുന്നതും ‘നാടകം കളിക്കുകയാണ്’ എന്ന് പറയുന്നതും സംഭാഷണങ്ങളിൽ വ്യക്തമാണ്. എല്ലാം തീരുമാനിച്ച ശേഷം അവസാന നിമിഷം പിന്മാറുന്നത് എന്തുകൊണ്ടാണെന്ന യുവതിയുടെ ചോദ്യത്തിന് രാഹുൽ വ്യക്തമായ മറുപടി നൽകുന്നില്ല.
ഈ ഗുരുതര ആരോപണങ്ങളെത്തുടർന്ന് രാഹുലിന്റെ ഭാഗത്തുനിന്ന് ഭീഷണിയും അധിക്ഷേപവും തുടരുന്ന സാഹചര്യത്തിൽ, യുവതി മുഖ്യമന്ത്രിക്ക് തെളിവുകൾ സഹിതം പരാതി നൽകാൻ ഒരുങ്ങുകയാണ്.
രാഹുൽ മാങ്കൂട്ടത്തിൽ വിഷയം; സർക്കാർ നടപടിയെടുത്താൽ പാർട്ടിയും കൂടുതൽ നടപടി എടുക്കും…
