സ്‌ഫോടകവസ്തുക്കള്‍ നിറച്ച 32 പഴയ വാഹനങ്ങള്‍; ഓരോ നഗരത്തിലും രണ്ടുപേരുള്ള ടീം, ആസൂത്രണം നടന്നത് രാജ്യത്തെ ചാമ്പലാക്കാൻ

ന്യൂഡൽഹി: ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ച ജെയ്‌ഷെ-മുഹമ്മദുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഭീകരസംഘം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഏകോപിത സ്ഫോടനങ്ങൾ നടത്താനായി പദ്ധതിയിട്ടിരുന്നതായും ഇതിനായി സ്ഫോടകവസ്തുക്കൾ നിറച്ച 32 പഴയ വാഹനങ്ങൾ തയ്യാറാക്കാൻ ലക്ഷ്യമിട്ടിരുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്.

ഒരു ഐ20, ഒരു ഇക്കോസ്പോർട്ട് എന്നീ വാഹനങ്ങളിൽ പ്രതികൾ മാറ്റം വരുത്താൻ ശ്രമങ്ങൾ ആരംഭിച്ചതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. സ്ഫോടന പരമ്പര നടത്താനുള്ള വിശാലമായ പദ്ധതിയുടെ ഭാഗമായി സമാന രീതിയിൽ മറ്റ് വാഹനങ്ങൾ തയ്യാറാക്കുന്നുണ്ടോ എന്നും അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിച്ചുവരികയാണ്. നാല് സ്ഥലങ്ങളിൽ ഏകോപിത സ്ഫോടനങ്ങൾ നടത്താനായി എട്ട് പ്രതികൾ തയ്യാറെടുത്തിരുന്നതായും രണ്ടു പേരുടെ ഓരോ സംഘത്തിനും ഓരോ നഗരത്തെ ലക്ഷ്യം വെക്കാൻ നിർദ്ദേശം ലഭിച്ചിരുന്നതായും ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

പ്രതികൾ 20 ലക്ഷം രൂപയോളം പണമായി സമാഹരിക്കുകയും പ്രവർത്തന ചെലവുകൾക്കായി ഉമറിന് കൈമാറുകയും ചെയ്തതായി വൃത്തങ്ങൾ വെളിപ്പെടുത്തി. ഐഇഡികൾ നിർമ്മിക്കുന്നതിനായി ഗുരുഗ്രാം, നൂഹ് പ്രദേശങ്ങളിൽ നിന്ന് മൂന്ന് ലക്ഷം രൂപ വിലമതിക്കുന്ന 20 ക്വിന്റലിലധികം എൻപികെ വളം (നൈട്രജൻ (N), ഫോസ്ഫറസ് (P), പൊട്ടാസ്യം (K) എന്നിവയുടെ മിശ്രിതമാണ് എൻപികെ വളം, ഇത് സ്ഫോടകവസ്തുക്കൾ നിർമ്മിക്കാൻ ഉപയോഗിക്കാം) വാങ്ങാൻ ഈ പണം ഉപയോഗിച്ചതായാണ് വിവരം. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ഒരു സിഗ്നൽ ആപ്പ് ഗ്രൂപ്പ് ഉമർ ഉണ്ടാക്കിയതായും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്.

പ്രതികൾ ഭാവിയിൽ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായി സംശയിക്കുന്നതിനാൽ, അന്വേഷണ ഏജൻസികൾ ഈ ശൃംഖലയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ്. അതേസമയം, ഡൽഹി സ്ഫോടനക്കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന ഡോ. ഉമറുമായി ബന്ധമുണ്ടെന്ന് കരുതുന്ന DL 10 CK 0458 എന്ന ചുവന്ന ഇക്കോസ്പോർട്ട് ഫരീദാബാദ് പോലീസ് ബുധനാഴ്ച പിടിച്ചെടുത്തു. ഖണ്ഡാവാലി ഗ്രാമത്തിന് സമീപം പാർക്ക് ചെയ്ത നിലയിലാണ് വാഹനം കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!