ഹൈദരബാദ്: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു അധികാരമേറ്റു. ബുധനാഴ്ച ഗണവാരം കെസറാപ്പള്ളി ഐടി പാര്‍ക്കില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ഗവര്‍ണര്‍ എസ് അബ്ദുള്‍ നസീര്‍ സത്യവാചകം ചൊല്ലികൊടുത്തു. നാല് പതിറ്റാണ്ടിലേറെ നീണ്ട രാഷ്ട്രീയ ജീവിതത്തില്‍ ഇത് നാലാം തവണയാണ് ചന്ദ്രബാബു നായിഡു ആന്ധ്രാപ്രദേശിന്റെ മുഖ്യമന്ത്രിയാകുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിതിന്‍ ഗഡ്കരി, ജെപി നഡ്ഡ, രാംദാസ് അത്താവലെ, അനുപ്രിയ പട്ടേല്‍, ചിരാഗ് പാസ്വാന്‍, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡേ തുടങ്ങിയവരും സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയിരുന്നു.
ജനസേന പാര്‍ട്ടി അധ്യക്ഷന്‍ പവന്‍ കല്യാണ്‍, ചന്ദ്രബാബു നായിഡുവിന്റെ മകന്‍ നാര ലോകേഷ് തുടങ്ങി 24 മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ടിഡിപി 21, ജനസേന പാര്‍ട്ടി മൂന്ന്, ബിജെപി ഒന്ന് എന്നിങ്ങനെയാണ് മന്ത്രിമാരുടെ എണ്ണം. ടിഡിപി നേതൃത്വത്തിലുള്ള എന്‍ഡിഎ മുന്നണി 175-ല്‍ 164 സീറ്റുകള്‍ നേടിയാണ് ഇത്തവണ അധികാരത്തിലെത്തിയത്.
രാഷ്ട്രീയനേതാക്കള്‍ക്ക് പുറമേ തെലുങ്ക്, തമിഴ് സിനിമാരംഗത്തെ പ്രമുഖരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. പവന്‍ കല്യാണിന്റെ സഹോദരനായ നടന്‍ ചിരഞ്ജീവി, തമിഴ് സൂപ്പര്‍താരം രജനീകാന്ത് തുടങ്ങിയവര്‍ ചടങ്ങിനെത്തി.
