‘എല്ലാം രാഷ്ട്രീയമല്ല, സാമൂഹ്യ സേവനമാണ്’; സിറോ മലബാര്‍ സഭാ നേതൃത്വം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: സിറോ മലബാര്‍ സഭാ നേതൃത്വവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി. ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട പൊതുവായ വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി.

എല്ലാവര്‍ക്കും വേണ്ടി എല്ലാവര്‍ക്കും ഒപ്പംനിന്ന് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് ബിജെപി. ന്യൂനപക്ഷ അവകാശങ്ങള്‍ സംബന്ധിച്ചും അവര്‍ക്ക് എന്തെല്ലാം സഹായങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ ലഭ്യമാക്കാന്‍ സാധിക്കും തുടങ്ങിയ വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയായി. സേവനനിരതനായി ഒപ്പമുണ്ടെന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കി. എല്ലാം രാഷ്ട്രീയമല്ല, സാമൂഹികസേവനമാണ്. എല്ലാ വിഷയങ്ങളിലും രാഷ്ട്രീയം കാണേണ്ടതില്ലെന്നും മതകണ്ണാടിയിലൂടെ എല്ലാം നോക്കികാണുന്നവരല്ല തങ്ങളെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന ചോദ്യത്തിന് നിയമപരമായ നടപടികള്‍ ഉണ്ടാകുമെന്നും സാമാന്യവത്കരിക്കേണ്ടതില്ലെന്നും അദ്ദേഹം മറുപടി നല്‍കി. സഭാ നേതൃത്വത്തിന് മറ്റുവിഷയങ്ങളില്‍ വലിയ ആശങ്കകളില്ലെന്നും മാര്‍പാപ്പയെ ഇന്ത്യയിലേക്ക് കൊണ്ടുവരണമെന്നുള്ള ആവശ്യമുയര്‍ന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മാര്‍പാപ്പയെ ഇന്ത്യയിലേക്ക് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് നേതൃത്വം പ്രധാനമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് 3:30 ഓടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വസതിയില്‍വെച്ചായിരുന്നു കൂടിക്കാഴ്ച. സീറോ മലബാര്‍ സഭയുടെ അധ്യക്ഷന്‍ മേജര്‍ ആര്‍ച്ച്ബിഷപ്പ് റാഫേല്‍ തട്ടില്‍, ഫരീദാബാദ് അതിരൂപത ആര്‍ച്ച്ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര, കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. കേരളത്തില്‍ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ ഈ കൂടിക്കാഴ്ച രാഷ്ട്രീയപരമായി വളരെ വലിയ പ്രാധാന്യമുണ്ട്. മറ്റു സഭാ അധ്യക്ഷന്മാരുമായും മേലധ്യക്ഷന്മാരുമായും പ്രധാനമന്ത്രി ചര്‍ച്ചയ്ക്ക് തയ്യാറാകുമോ എന്നതും വരും ദിവസങ്ങളില്‍ ശ്രദ്ധയോടെ നിരീക്ഷിക്കപ്പെടുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!