തിരുവനന്തപുരം : കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ജനങ്ങള്‍ വിദഗ്ധ ചികിത്സ തെരഞ്ഞെടുക്കാന്‍ മടിക്കുന്നതായി കണക്കുകള്‍. സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ അഭാവവും ചികിത്സ ലഭ്യമാകാനുള്ള കാലതാമസവുമാണ് രോഗികളെ അകറ്റുന്നത്. ഇത്തരത്തില്‍ നിരവധി പേരാണ് സര്‍ക്കാര്‍ ആശുപത്രികളിലെ ചികിത്സ ഉപേക്ഷിച്ച് സ്വകാര്യ ആശുപത്രികളെ സമീപിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഔട്ട്‌പേഷ്യന്റ് (ഒപി) രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന രേഖപ്പെടുത്തുമ്പോഴും കിടത്തി ചികിത്സ നേടുന്ന ആളുകളുടെ എണ്ണത്തില്‍ കുറവുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വൃക്ക സംബന്ധമായ രോഗത്തിന് ചികിത്സതേടുന്ന 56 കാരനായ വയനാട് സ്വദേശി പങ്കുവയ്ക്കാനുള്ളത് ഇത്തരം ഒരു അനുഭവമാണ്. 2020 ല്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ ആരംഭിക്കുകയും, മൂന്ന് വര്‍ഷത്തോളം ചികിത്സ തുടരുകയും ചെയ്തു. ഇതിനിടെയാണ് നെഫ്രോളജിസ്റ്റിന് കോട്ടയത്തേക്ക് സ്ഥലം മാറ്റം ലഭിച്ചത്. ഇതോടെ ചികിത്സ തടസ്സപ്പെട്ടു. ഇപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടേണ്ട സാഹചര്യമാണെന്നും ഇതിനായുള്ള ചെലവ് താങ്ങാവുന്നതിലും അപ്പുറമാണെന്നും അദ്ദേഹം പറയുന്നു. ആഴ്ചയില്‍ ഒരിക്കല്‍ ഇത്തരത്തില്‍ കോഴിക്കോട് വരേണ്ടിവരുന്നു. ഓരോ ദിവസവും രണ്ട് മണിക്കൂറിലധികം യാത്രമാത്രം വേണ്ടിവരുന്നു. ഏകദേശം 30,000 രൂപ വരെയാണ് ചികിത്സാ ചെലവെന്നും 56 കാരന്‍ ചൂണ്ടിക്കാട്ടുന്നു.
കൊല്ലം സ്വദേശിയായ ജോര്‍ജ് കുഞ്ഞുമോനും (75) സമാനമായ അനുഭവമാണ് പങ്കുവയ്ക്കാനുള്ളത്. കഴുത്തിന്റെ പിന്‍ഭാഗത്ത് ഒരു മുഴ വന്നതോടെയാണ് ജോര്‍ജ് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയത്. ശസ്ത്രക്രിയ വേണമെന്ന് അറിയിച്ചു. എന്നാല്‍ ജീവനക്കാരുടെ കുറവ് കാരണം ശസ്ത്രക്രിയ പലതവണ മാറ്റിവച്ചു. ഇതോടെ സ്വകാര്യ ആശുപത്രിയെ സമീപിച്ചു. എന്നാല്‍ ചികിത്സാ ചെലവ് താങ്ങാവുന്നതിലും അപ്പുറത്താണ്. അതിനാല്‍ ആരോഗ്യം അനുവദിക്കുന്നിട ത്തോളം കാലം ഈ അവസ്ഥയുമായി ജീവിക്കാന്‍ തീരുമാനിച്ചു, ജോര്‍ജ് പറയുന്നു.
ചികിത്സയ്ക്കായി ആദ്യം സര്‍ക്കാര്‍ ആശുപത്രികള്‍ തെരഞ്ഞെടുക്കുന്നവര്‍ പോലും കാലതാമസവും സ്‌പെഷ്യലിസ്റ്റുകളുടെ അഭാവവും കാരണം പിന്നീട് പിന്തിരിയുന്നു എന്നാണ് കണക്ക് പറയുന്നത്. ഡിഎച്ച്എസിന് കീഴിലുള്ള ഒപികളില്‍ 2023-24 കാലത്ത് 11.2 കോടി പേരാണ് ചികിത്സ തേടിയത്. എന്നാല്‍ 7.56 ലക്ഷം രോഗികള്‍ മാത്രമാണ് കിടത്തി ചികിത്സ ലഭ്യമായത്. 2022-23 ല്‍ 8.92 ലക്ഷവും, 2019-20 ല്‍ 15 ലക്ഷവുമാണ് ഈ കണക്ക്. ശസ്ത്രക്രിയകളുടെ എണ്ണത്തിലും സമാനമായ കുറവാണ് സര്‍ക്കാര്‍ സംവിധാനങ്ങളില്‍ ദൃശ്യമാകുന്നത്.
2017-18 സമയത്ത് സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ 1.29 ലക്ഷം മേജര്‍ ശസ്ത്രക്രിയകള്‍ നടന്നിട്ടുണ്ട്. കോവിഡ് കാലത്ത് ഇത് (2020- 21 ) 55,000 ആയി കുറഞ്ഞു. ഇതിന് ശേഷം പഴയ നിരക്കിലേക്ക് മടങ്ങിവന്നിട്ടില്ലെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 2023-24 ല്‍ 89,775 ശസ്ത്രക്രിയകള്‍ നടന്നപ്പോള്‍ 2022-23 ല്‍ 1.05 ലക്ഷം ശസ്ത്രക്രിയകളും സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ നടന്നു.
സംസ്ഥാനത്തിന്റെ ആരോഗ്യ സംരക്ഷണ സംവിധാനത്തില്‍ പൊതുജനവിശ്വാസം നഷ്ടപ്പെടുന്നു എന്നതിന്റെ സൂചനയാണ് കണക്കുകള്‍ എന്നാണ് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ” കണ്‍സള്‍ട്ടേഷനുകള്‍ ക്കാണ് ജനങ്ങള്‍ സര്‍ക്കാര്‍ ആശുപത്രിക ളെ പ്രധാനമായും ആശ്രയിക്കുന്നത്. ഒപി വര്‍ധന ഇക്കാര്യം ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഗുരുതരമായ പ്രശ്നങ്ങളോ ശസ്ത്രക്രിയകളോ വേണ്ടിവരുമ്പോള്‍ ഉണ്ടാകുന്ന കാലതാമസമാണ് ആളുകളെ അകറ്റുന്നത്. പല ആശുപത്രികളിലും ഉപകരണങ്ങള്‍ നിലവിലുണ്ട്, പക്ഷേ ഡോക്ടര്‍മാര്‍ ഇല്ല. ഉദാഹരണത്തിന്, സര്‍ജനോ അനസ്‌തെറ്റിസ്റ്റോ ലഭ്യമല്ലാ ത്തതിനാല്‍ ഓര്‍ത്തോപീഡിക് ശസ്ത്രക്രിയകള്‍ പലപ്പോഴും മാറ്റിവയ്ക്ക പ്പെടുന്നുണ്ടെന്ന് ആരോഗ്യ വകുപ്പിലെ മുന്‍ സീനിയര്‍ ന്യൂറോ സര്‍ജന്‍ ഡോ. ബി. ഇക്ബാല്‍ പറയുന്നു.
‘സര്‍ക്കാര്‍ ആശുപത്രികളിലെ സാങ്കേതികവിദ്യയും ഉപകരണങ്ങളും മെച്ചപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍ തുടങ്ങിയ മനുഷ്യവിഭവശേഷി ഇതിന് അനുസരിച്ചുള്ള വളര്‍ച്ച നേടിയിട്ടില്ല. ഈ കുറവ് ജീവനക്കാരുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു. പലരും ദീര്‍ഘസമയം ജോലി ചെയ്യേണ്ടതായി വരുന്നു. സ്ഥലംമാറ്റങ്ങള്‍ വിടവ് ശക്തമാക്കുന്നു. സര്‍ക്കാര്‍ ആശുപത്രിയിലെ പല സ്‌പെഷ്യലിസ്റ്റുകളും ദീര്‍ഘസമയം ജോലിയില്‍ വിശ്രമില്ലാതെ തുടരേണ്ടിവരുന്നു. ജോലിയോടുള്ള പ്രതിബന്ധതമാത്രമാണ് പലരെയും പിടിച്ചുനിര്‍ത്തുന്നത്. ജീവനക്കാരുടെ ക്ഷാമം പരിഹരിക്കാന്‍ ഉടന്‍ സര്‍ക്കാര്‍ തലത്തില്‍ ഇടപെടല്‍ വേണമെന്നും ഡോ. ഇക്ബാല്‍ പറയുന്നു. സര്‍ക്കാര്‍ ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങളും ഉടന്‍ മെച്ചപ്പെടേണ്ടതുണ്ട്. മുറികള്‍, ടോയ്ലറ്റുകള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ മോശം അവസ്ഥയിലാണ്. കോട്ടയം മെഡിക്കല്‍ കോളജിലെ ദുരന്തം ഇതിന്റെ അവസാന ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
